ആലത്തൂർ എസ്റ്റേറ്റ്: നടപടി വൈകിപ്പിക്കുന്നതിനെതിരെ എ.ജി
text_fieldsകൊച്ചി: വയനാട്ടിലെ ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുത്ത് തുടർ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുന്നുവെന്ന് അക്കൗണ്ടൻറ് ജനറലിെൻറ റിപ്പോർട്ട്. ഭൂമി ഏറ്റെടുക്കുന്ന കേസിൽ ഇപ്പോഴത്തെ അവസ്ഥയെന്തെന്ന എ.ജിയുടെ ചോദ്യത്തിന് ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസ് വ്യക്തമായ മറുപടി നൽകിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
മാനന്തവാടി തൃശ്ശേരി വില്ലേജിലെ ആലത്തൂർ കാട്ടിക്കുളം എസ്റ്റേറ്റിലെ 211 ഏക്കർ ഭൂമി ബ്രിട്ടീഷ് പൗരനായിരുന്ന എഡ്വിന് ജുബര്‍ട്ട് വാന്‍ ഇംഗെൻറ കൈവശമായിരുന്നു. 2013 മാർച്ച് 12ന് അദ്ദേഹം മരിച്ചു. തുടർന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ എസ്റ്റേറ്റിന് നിയമപരമായ അനന്തര അവകാശികളില്ലെന്ന് കണ്ടെത്തി. മാത്രമല്ല, അദ്ദേഹം ബ്രിട്ടീഷ് പൗരനായിരുന്നതിനാൽ, 1964 ലെ നിയമപ്രകാരം ഭൂമി സർക്കാറിൽ നിക്ഷിപ്തമായി. തുടര്‍ന്ന് സര്‍ക്കാര്‍ നിയമപ്രകാരം ഗസറ്റില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചു.
ഈ വിജ്ഞാപനത്തിനെതിരെ മൈസൂര്‍ സ്വദേശിയായ മൈക്കൽ ഫ്ലോയ്ഡ് ഈശ്വർ വസ്തുവിെൻറ ഉടമസ്ഥാവകാശം അവകാശപ്പെട്ട് രംഗത്തുവന്നു. ഭൂമി എഡ്വേർഡ് ജോബർട്ട് വാൻ ഇംഗെൻ 2006ൽ തനിക്ക് സമ്മാനമായി കൈമാറിയതാണെന്നായിരുന്നു അദ്ദേഹത്തിെൻറ അവകാശവാദം. പക്ഷേ, വിദേശിയായതിനാൽ ഭൂമി കൈമാറ്റത്തിന് 1999ലെ ഫെമ നിയമ പ്രകാരം എഡ്വിൻ റിസർവ് ബാങ്കിൽനിന്ന് അനുമതി വാങ്ങിയതായി തെളിയിക്കുന്ന രേഖകൾ അദ്ദേഹം ഹാജരാക്കിയില്ല.
എഡ്വിൻ ജോബർട്ട് എന്ന ബ്രിട്ടീഷ് പൗരൻ, ഫെമ അനുമതിയില്ലാതെ ഭൂമി കൈമാറാൻ അർഹനല്ല. ഈ സാഹചര്യത്തിൽ, മാനന്തവാടി സബ് രജിസട്രാർ ഓഫിസിൽ 2006 ഫെബ്രുവരി ഒന്നിന് രജിസ്റ്റർ ചെയ്ത ഗിഫ്റ്റ് ഡീഡ് നമ്പർ 267/2006 അസാധുവായി കണക്കാക്കി.
സർക്കാർ തീരുമാനത്തിനെതിരെ, മൈക്കിൾ ഫ്ലോയ്ഡ് ഈശ്വർ 2019 സെപ്റ്റംബർ രണ്ടിന് അപ്പീൽ നൽകി. എന്നാല്‍, കോടതി കലക്ടര്‍ സ്വീകരിച്ച നടപടികളെ ശരിവെച്ചു. തുടർന്ന് 2020 ഫെബ്രുവരി 10ന് രണ്ടാമത്തെ അപ്പീലും നൽകി. എഡ്വിൻ ജോബർട്ട് ഒരു ബ്രിട്ടീഷ് പൗരനായി ജനിച്ചെങ്കിലും അദ്ദേഹത്തിെൻറ ജന്മസ്ഥലം ബംഗളൂരു ആണെന്നും എഡ്വിൻ ഒരു ബ്രിട്ടീഷ് പൗരനല്ലെന്നും ഗിഫ്റ്റ് ഡീഡ് അസാധുവാക്കരുതെന്നും എസ്റ്റേറ്റിെൻറ ശരിയായ ഉടമയായി കണക്കാക്കണമെന്നും വാദിച്ചു. വിദേശ കമ്പനികൾക്ക് രാജഭരണകാലത്ത് പാട്ടത്തിന് നൽകിയ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനാസ്ഥ കാണിക്കുന്നുവെന്ന ആരോപണം ഉയരുമ്പോഴാണ് ഈ മെല്ലെപ്പോക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

