തെരുവു നായ്ക്കളെ പൊതു ഇടങ്ങളിൽനിന്ന് മാറ്റണം; കർശന നിർദേശവുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പൊതുസ്ഥലങ്ങളിൽനിന്നും തെരുവു നായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ, സ്പോർട്സ് കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽനിന്നെല്ലാം അടിയന്തരമായി തെരുവു നായ്ക്കളെ നീക്കുന്നുവെന്ന് ചീഫ് സെക്രട്ടറിമാർ ഉറപ്പു വരുത്തണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
തെരുവു നായ്ക്കളെ പിടിക്കുന്നവർക്ക് ഏതെങ്കിലും വ്യക്തിയോ സംഘടനയോ തടസ്സം സൃഷ്ടിച്ചാൽ അവർക്കെതിരെ കർശന നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ആറു വയസ്സായ കുട്ടി മരിച്ചതടക്കം കണക്കിലെടുത്ത് സ്വമേധയാ പരിഗണിച്ച കേസിലാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്. വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമ്പോൾ, അമിക്കസ് ക്യൂറിയായി സഹായിക്കുന്ന മുതിർന്ന അഭിഭാഷകന് ഗൗരവ് അഗർവാൾ നൽകുന്ന നിർദേശങ്ങളും ഉൾപ്പെടുത്തും.
പരാമർശിച്ചവയിൽ കേരളത്തിലെ സംഭവങ്ങളും
വയനാട് പനമരത്ത് മൂന്നാം ക്ലാസ് വിദ്യാർഥിയെ ക്ലാസ് റൂമിൽവെച്ച് നായ് കടിച്ചതടക്കം ആറു കേസുകൾ തെരുവു നായ് കേസിന്റെ ഉത്തരവിൽ സുപ്രീംകോടതി പരാമർശിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ രോഗി ഉൾപ്പെടെ അഞ്ചുപേർക്ക് തെരുവു നായുടെ കടിയേറ്റു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ 18 പേർക്കാണ് കടിയേറ്റത്. സ്റ്റേഷനും പരിസരത്തുമായി നൂറോളം തെരുവു നായ്ക്കളാണ് യാത്രക്കാർക്കു ഭീഷണിയായി വിലസുന്നത്. കണ്ണൂർ ബസ് സ്റ്റാൻഡിലും പരിസരത്തുമായി 50 പേരെ തെരുവു നായ്ക്കൾ ആക്രമിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ ആലപ്പുഴ സ്റ്റേഷനിൽ 30 പേർക്ക് കടിയേറ്റു. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിരവധിപേർ ആക്രമണത്തിന് ഇരയായെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
സ്കൂൾ പരിസരങ്ങളിൽ ദിവസവും പരിശോധന നടത്തണം
- തദ്ദേശ സ്ഥാപനങ്ങൾക്കാണ് തെരുവു നായ്ക്കളെ മാറ്റാനുള്ള ഉത്തരവാദിത്തം. ചട്ടപ്രകാരം നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുകയും വന്ധ്യംകരണംചെയ്യുകയും വേണം.
- പിടിച്ചുകൊണ്ടു പോകുന്ന നായ്ക്കളെ അവിടെത്തന്നെ തിരികെ കൊണ്ടുവന്ന് വിടാൻ പാടില്ല. വേറെ നായ്ക്കൾ അവിടെ സ്ഥലംപിടിക്കാതിരിക്കാൻ പരിശോധന നടത്തണം.
- നായ്ക്കളെ പിടിക്കാനും പരിശോധനകൾ നടത്താനും പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകാവുന്നതാണ്.
- സ്കൂളുകൾ, ആശുപത്രികൾ മുതലായ സ്ഥാപന പരിസരങ്ങളിലേക്ക് തെരുവു നായ്ക്കൾ പ്രവേശിക്കാതിരിക്കാന്‍ വേലികെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ എട്ടാഴ്ചക്കകം സ്വീകരിക്കുന്നുവെന്ന് സംസ്ഥാന സർക്കാറുകൾ ഉറപ്പു വരുത്തണം.
- അടുത്ത മൂന്നു മാസം പരിശോധനകൾ നടത്തി തദ്ദേശ സ്ഥാപനങ്ങൾ റിപ്പോർട്ട് സമർപ്പിക്കണം.
- പ്രത്യേകം പരിശോധനകൾ ഓഫിസർമാരെ നിയോഗിക്കണം. ഉത്തരവ് പാലിച്ച കാര്യം വ്യക്തമാക്കി രണ്ട് മാസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സത്യവാങ്മൂലം സമർപ്പിക്കണം.
- ദേശീയ-സംസ്ഥാന പാതകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെയും മറ്റും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ദേശീയ ഹൈവേ അതോറിറ്റി സ്വീകരിക്കണം.
പ്രായോഗികമല്ല -മന്ത്രി
പാലക്കാട്: തെരുവുനായ്ക്കളെ മുഴുവന്‍ മാറ്റുകയെന്നത് പ്രായോഗികമല്ലെന്നും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കിയതാണെന്നും മന്ത്രി എം.ബി. രാജേഷ്. സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എ.ബി.സി ഷെല്‍ട്ടര്‍ തുടങ്ങുന്നതിനെതിരെപ്പോലും വലിയ പ്രതിഷേധമാണ് നടക്കുന്നത്. തെരുവുനായ്ക്കളെ മുഴുവന്‍ പിന്നെ എങ്ങനെ മാറ്റാന്‍ കഴിയും. മാറ്റണമെന്ന നിർദേശം വന്നാല്‍ മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

