ചേർത്തല: ലോക്ഡൗൺ ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കുതിച്ചെത്തി പിടികൂടിയ യുവാവിെൻറ അവസ്ഥ അറിഞ്ഞപ്പോൾ പൊലീസുകാരുടെ കണ്ണ് നിറഞ്ഞു.
പള്ളിത്തോട്ടിലെ മത്സ്യത്തൊഴിലാളി വ്യാഴാഴ്ച രാവിലെ പൊന്തു വള്ളത്തിൽ കടലിൽ മത്സ്യബന്ധനത്തിനുപോയി.
കണ്ടെയ്ൻമെൻറ് സോൺ നിലവിൽ വന്നതോടെ തീരദേശത്ത് മത്സ്യബന്ധനവും വിൽപനയും നിരോധിച്ചിട്ടുള്ളതാണ്. ഇയാൾ മത്സ്യബന്ധനം നടത്തുന്നതുകണ്ട ആരോ ആരോഗ്യപ്രവർത്തകരെയും െപാലീസിനെയും വിവരം അറിയിച്ചു. െപാലീസ് എത്തി യുവാവിനെ പിടികൂടിയപ്പോഴാണ് തെൻറ ൈദന്യാവസ്ഥ അയാൾ പൊലീസിനോട് പറയുന്നത്.
‘‘വീട്ടിലേക്ക് ഭക്ഷണം വാങ്ങാനോ കുഞ്ഞിന് മരുന്നുവാങ്ങാനോ അഞ്ചുപൈസപോലും എെൻറ കൈയിലില്ല. കുഞ്ഞുങ്ങളുടെ സങ്കടം കണ്ട് കടലിലിറങ്ങിയതാണ് സാറേ’’... വേദനിപ്പിക്കുന്ന വാക്കുകൾ കേട്ട പൊലീസുകാർ പരാതിപോലും എടുക്കാതെ ദുഃഖഭാരത്തോടെ തിരിച്ചുപോയി.
പള്ളിത്തോട് കേന്ദ്രീകരിച്ച് കോവിഡ് വ്യാപനം വളരെ കൂടുതലായതുകൊണ്ട് പൊലീസ് നിയന്ത്രണം ശക്തമാക്കിയതോടെ നിരവധി വീടുകൾ പട്ടിണിയിലാണ്.