ആലപ്പുഴ സ്വദേശിയെ കൊടുങ്ങല്ലൂരിൽ ഗുരുതര പരിക്കോടെ കണ്ടെത്തി
text_fieldsസുദർശനൻ
തൃശൂർ: ആലപ്പുഴ സ്വദേശിയെ കൊടുങ്ങല്ലൂർ നഗരത്തിൽ റോഡരികിൽ ഗുരുതര പരിക്കുകളോടെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ക്രൂരമർദനത്തിനിരയായ ഇയാൾ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അരൂർ പഞ്ചായത്ത് ആറാം വാർഡിൽ മഞ്ഞന്തര കളത്തിൽ ചിത്രന്റെ മകൻ സുദർശനൻ (45) ആണ് ഇയാളെന്നാണ് വിവരം. ജനനേന്ദ്രിയം മുറിക്കുകയും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്ത നിലയിലാണ്. ശരീരമാസകലം മുറിവുകളുമുണ്ട്.
കൊടുങ്ങല്ലൂർ നഗരത്തിൽ പടിഞ്ഞാറെനടയിൽ കഴിഞ്ഞ 19നാണ് ഇയാളെ പരിക്കേറ്റനിലയിൽ കണ്ടെത്തിയത്. വാഹനാപകടത്തിൽ പരിക്കേറ്റ അജ്ഞാതൻ എന്ന നിഗമനത്തിലാണ് കൊടുങ്ങല്ലൂർ പൊലീസ് സുദർശനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇയാളെ തിരിച്ചറിയുന്നതിനുവേണ്ടി എന്ന വിവരത്തോടെ 21ന് മാധ്യമങ്ങൾക്ക് ആശുപത്രിയിൽ കഴിയുന്ന ഫോട്ടോ സഹിതം വാർത്തക്കുറിപ്പും നൽകിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ഇയാൾ ക്രൂരമായ ആക്രമണത്തിനിരയായതായും ആലപ്പുഴ സ്വദേശി സുദർശനനാണെന്നുമുള്ള വാർത്ത പുറത്തുവന്നത്. ഇതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്. കൊലപാതകക്കേസിൽ പ്രതിയായ സുദർശനൻ അവിവാഹിതനാണ്. അരൂർ പഞ്ചായത്തിന്റെ മാനവീയം വേദിയിൽ മാനസിക വിഭ്രാന്തിയോടെ കഴിയുകയായിരുന്ന ഇയാളെ പഞ്ചായത്ത് അംഗങ്ങളുടെ ഇടപെടലിനെ തുടർന്ന് അരൂർ പൊലീസ് എറണാകുളത്തെ ഡീഅഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിരുന്നതായും അറിയുന്നു. സംഭവത്തിന്റെ ചുരുളഴിക്കാനുള്ള തീവ്രശ്രമത്തിലാണ് തൃശൂർ റൂറൽ പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

