മിനിലോറിയുടെ പാതിതാഴ്ത്തിയ ഡോർ ഗ്ലാസ്സിൽ കഴുത്ത് കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം
text_fieldsആലപ്പുഴ: മിനിലോറിയുടെ ഡോർ ഗ്ലാസ്സിൽ കഴുത്ത് കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം. പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ അത്താബിന്‍റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്.
വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറിയുടെ പാതി താഴ്ത്തിയ ഗ്ലാസിലാണ് ഹനാന്‍റെ തല കുടുങ്ങിയത്. മുന്‍ചക്രത്തില്‍ക്കയറിയ ഹനാന്‍, ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോള്‍ കാല്‍വഴുതിപ്പോവുകയായിരുന്നു.
പിതാവ് അത്താബും ഭാര്യയും ഈ സമയം വീട്ടിനുള്ളിലായിരുന്നു. ആക്രിക്കട നടത്തുന്ന അത്താബ് ഊണുകഴിക്കാനായാണ് മിനിലോറിയുമായി വീട്ടിലെത്തിയത്. കുട്ടിയെക്കാണാതെ ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ ചില്ലിനുമുകളില്‍ തല കുടുങ്ങിയനിലയില്‍ കണ്ടെത്തി.
ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പുന്നപ്ര പൊലീസ് തുടർ നടപടി സ്വീകരിച്ചു. മാതാവ്: അന്‍സില. സഹോദരന്‍: മുഹമ്മദ് അമീന്‍.