ആലപ്പുഴയിലെ സി.പി.എം നേതാവ് ബി.ജെ.പിയിൽ
text_fieldsബിപിൻ സി. ബാബു
ആലപ്പുഴ: സി.പി.എം ഏരിയ കമ്മിറ്റി അംഗമായിരുന്ന ബിപിൻ സി. ബാബു ബി.ജെ.പിയിൽ ചേർന്നു. തിരുവനന്തപുരത്ത് ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന്റെയും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുടെയും സാന്നിധ്യത്തിലാണ് ബിപിൻ സി. ബാബു അംഗത്വമെടുത്തത്. ആലപ്പുഴ ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് ബിപിൻ സി. ബാബു. എസ്.എഫ്.ഐ ആലപ്പുഴ ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
നേരത്തെ, പാർട്ടിയിൽ അച്ചടക്ക നടപടി നേരിട്ടയാളാണ് ബിപിൻ സി. ബാബു. പിന്നീട് നിരവധി ആരോപണങ്ങളുയർത്തി സി.പി.എമ്മിനെ സമ്മർദത്തിലാക്കിയിരുന്നു. 2023ൽ ഭാര്യയുടെ പരാതിയെ തുടർന്ന് ആറ് മാസത്തേക്കു സസ്പെൻഷനിലായ ബിപിനെ പിന്നീട് പാർട്ടി ബ്രാഞ്ചിലേക്ക് തിരിച്ചെടുത്തിരുന്നു.
കരീലക്കുളങ്ങരയിൽ സത്യൻ എന്ന ഓട്ടോറിക്ഷക്കാരനെ 2001ൽ സി.പി.എം ആസൂത്രണംചെയ്തു കൊലപ്പെടുത്തിയതാണെന്ന ആരോപണം കഴിഞ്ഞ ഏപ്രിലിൽ ബിപിൻ ഉയർത്തിയിരുന്നു. എന്നാൽ, ഈ ആരോപണം പാർട്ടി നിഷേധിച്ചിരുന്നു. ഗാർഹികപീഡനം ആരോപിച്ച് ഭാര്യയും ഭാര്യാപിതാവും ബിപിനെതിരെ പാർട്ടിക്കു പരാതി നൽകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതോടെയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്സ്ഥാനം രാജിവെപ്പിച്ചതും ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തതും.
ആലപ്പുഴ സി.പി.എമ്മിൽ വിഭാഗീയ പ്രശ്നങ്ങൾ പുകയുന്നതിനിടെയാണ് പാർട്ടി നേതാവ് ബി.ജെ.പിയിലെത്തിയിരിക്കുന്നത്. കൂടുതൽ നേതാക്കളും പ്രവർത്തകരും സി.പി.എം വിട്ട് ബി.ജെ.പിയിലെത്തുമെന്ന് കെ. സുരേന്ദ്രൻ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

