'മദ്യപിച്ച് വണ്ടി ഓടിച്ചുണ്ടാവുന്ന അപകടങ്ങളെ കുറിച്ചും സെമിനാർ പ്രതീക്ഷിക്കുന്നു', കമന്‍റ് ബോക്സ് തുറന്നതിനു പിന്നാലെ ആലപ്പുഴ കലക്ടറുടെ എഫ്.ബി പേജിൽ പ്രതിഷേധം
text_fieldsഡോ. രേണുരാജ്, ശ്രീറാം വെങ്കിട്ടരാമൻ
ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധം ഭയന്ന് പൂട്ടിയ ആലപ്പുഴ ജില്ല കലക്ടർ ഡോ. രേണുരാജിന്‍റെ എഫ്.ബി കമന്‍റ് ബോക്സ് തുറന്നു. പിന്നാലെ ആക്ഷേപങ്ങളുമായി വീണ്ടും ബോക്സ് നിറഞ്ഞു.
മുങ്ങിമരണ നിവാരണ ദിനാചരണ ഭാഗമായി കലക്ടർ ഉദ്ഘാടകയായി ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ സ്കൂളിലെ സ്പെഷൽ അസംബ്ലിയും ബോധവത്കരണ സെമിനാറും വിഷയമാക്കി ഇട്ട പോസ്റ്റിന് താഴെയാണ് ശ്രീറാമിനെതിരെ കമന്‍റുകൾ വന്നത്. 'മുങ്ങിമരണംപോലെതന്നെ ജീവൻ എടുക്കുന്ന ഒന്നാണ് വാഹനാപകടങ്ങൾ, പ്രത്യേകിച്ച് മദ്യപിച്ച് അലക്ഷ്യമായി വണ്ടി ഓടിച്ചു ഉണ്ടാവുന്ന അപകടങ്ങൾ. അതിനെക്കുറിച്ചും ഒരു സെമിനാർ പ്രതീക്ഷിക്കുന്നു' -ഇതായിരുന്നു ആദ്യകമന്‍റ്. ഇതിനു പിന്നാലെ നിരവധി വിമർശനവും ആക്ഷേപവും വന്നു.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊന്നകേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഞായറാഴ്ച ഉച്ചയോടെ കലക്ടർ രേണുരാജിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ കമന്റ് ബോക്സ് പൂട്ടിയത്. ഇതും വിമർശനത്തിന് വിധേയമായതോടെയാണ് തിങ്കളാഴ്ച രാവിലെ ബോക്സ് തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

