ശ്രീറാം വെങ്കിട്ടരാമന്റെ വരവിൽ പ്രതിഷേധം ഭയന്ന് ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി ആലപ്പുഴ കലക്ടർ
text_fieldsമാധ്യമപ്രവർത്തകൻ ബഷീറിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിൽ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിന്റെ കമന്റ് ബോക്സ് പൂട്ടി ആലപ്പുഴ ജില്ലാ കലക്ടർ. മറ്റ് 13 ജില്ലകളിലെയും കലക്ടർമാരുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടുകൾ പൊതുജനങ്ങൾക്ക് സംശയ ദുരീകരണത്തിന് ഉതകുംവിധം കമന്റ് ബോക്സുകൾ ലഭ്യമാക്കിയിരിക്കെയാണ് പ്രതിഷേധം ഭയന്ന് ആലപ്പുഴ കലക്ടർ അത് പൂട്ടിയിരിക്കുന്നത്.
ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടിയായ രേണുരാജാണ് നിലവിൽ ആലപ്പുഴ ജില്ലാ കലക്ടർ. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രേണു രാജിനെ എറണാകുളം ജില്ലാ കലക്ടർ ആക്കി മാറ്റി നിയമിച്ചിട്ടാണ് ശ്രീറാമിനെ ആലപ്പുഴക്ക് എത്തിക്കുന്നത്. ശ്രീറാം കലക്ടർ ആയി എത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ജില്ലയിൽനിന്നും ഉയരുന്നത്. കോൺഗ്രസ് ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തുണ്ട്.
അതേസമയം, മാധ്യമപ്രവർത്തകൻ ബഷീറിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എം.എസ്.എഫ് മുൻ ദേശീയ ഭാരവാഹി അഡ്വ. ഫാത്തിമ തഹിലിയ രംഗത്തെത്തി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ട്രാൻസ്‌പോർട്ട് വാഹനങ്ങളെ നിയന്ത്രിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ജില്ലകളിൽ അതിന്റെ ചെയർമാൻ ജില്ലാ കലക്ടർ ആണെന്നും തഹിലിയ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആ നിലക്ക് ആലപ്പുഴ ജില്ലയിൽ ഇനി മുതൽ ആ ചെയർമാൻ സ്ഥാനത്ത് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കടന്നുവരുമെന്നും തഹിലിയ പരിഹസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

