ആലപ്പുഴ ബൈക്കപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു
text_fieldsമണ്ണഞ്ചേരി: ആലപ്പുഴയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസ് (19) ആണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചത്.
ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ കൈചൂണ്ടി ജങ്ഷനു സമീപം കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 3.20നായിരുന്നു അപകടം. യുവാക്കളായ മൂവർസംഘത്തിന്‍റെ ബൈക്ക് തെരുവ് നായയെ ഇടിച്ച് നിയന്ത്രണം തെറ്റി എതിർ ദിശയിൽ വന്ന മറ്റൊരു ബൈക്കിലിടിച്ച് മറിയുകയായിരുന്നു. മണ്ണഞ്ചേരി സബീൽ മൻസിൽ നരിയിൽ സുധീറിന്റെ മകൻ മുഹമ്മദ് സബീൽ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ റിൻഷാദ് റഷീദ് (20) എന്നിവർ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
ഗുരുതര പരിക്കേറ്റ ഷിജാസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അപകടത്തിൽ എതിർ ദിശയിൽ സഞ്ചരിച്ച ബൈക്കിലുണ്ടായിരുന്നവർക്കും പരിക്കേറ്റിരുന്നു. റിജോ ജോൺസണും സുഹൃത്ത് അക്ഷയ് വിൻസന്റും സഞ്ചരിച്ച ബൈക്കിലാണ് മൂവർ സംഘം സഞ്ചരിച്ച ബൈക്ക് ഇടിച്ചത്. അപകടത്തിൽ റിജോയുടെ ഇടതുകാലിനും കൈക്കും അക്ഷയുടെ ഇരുകൈകൾക്കും ഇടതുകാലിനും പരിക്കേറ്റിരുന്നു.
മണ്ണഞ്ചേരി അമ്പനാകുളങ്ങര കിഴക്ക് കോളഭാഗം സൂര്യോദയം വീട്ടിൽ കെ.ബി. പ്രമോദിന്റെ ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെയാണ് മൂവരും അപകടത്തിൽപെടുന്നത്. വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്ക് പൂട്ട് പൊട്ടിച്ചാണ് മോഷ്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

