ആലപ്പുഴയിൽ അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
text_fieldsകരുനാഗപ്പള്ളി: കരുവാറ്റയിൽ വാഹനാപകടത്തിൽ മരിച്ച പിതാവിനും രണ്ടു മക്കൾക്കും മരുതൂർകുളങ്ങര ചെറിയഴീക്കൽ നിവാസികൾ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിലെ നാലംഗങ്ങൾ സഞ്ചരിച്ച കാർ ദേശീയപാതയിൽ ഹരിപ്പാടിനും തോട്ടപ്പള്ളിക്കുമിടയിൽ കരുവാറ്റ കൽപ്പകവാടിക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചായിരുന്നു അപകടം.
രാത്രി 12.30 ഒാടെയായിരുന്നു അപകടം. കരുനാഗപ്പള്ളി സ്വദേശികളായ ബാബു (48), മക്കളായ അഭിജിത്ത് (19), അമൽജിത്ത് (16 ) എന്നിവർ തൽക്ഷണം മരിച്ചു. ബാബുവിെൻറ ഭാര്യ ലിസി (40) ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
അമ്പലപ്പുഴ കാക്കാഴം ക്ഷേത്രത്തിലെ ഉത്സവത്തിന് ബന്ധുവിെൻറ ക്ഷണപ്രകാരം പോയതാണിവർ. വെള്ളിയാഴ്ച വൈകീട്ട് 5.30ന് വീടിന് സമീപം ചെറിയഴീക്കൽ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞാണ് മത്സ്യത്തൊഴിലാളിയായ ബാബുവും ഭാര്യ ലിസിയും അഭിജിത്തും അമൽജിത്തും കാക്കാഴത്തേക്ക് പോയത്.
ആലപ്പാട് ചെറിയഴീക്കൽ ആലുംമൂട്ടിൽ കുടുംബാംഗങ്ങളാണ്. 2004 ലെ സൂനാമി ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട ഇവർ കരുനാഗപ്പള്ളി നഗരസഭയിൽ മരുതൂർകുളങ്ങര തെക്ക് വേൾഡ് വിഷൻ നിർമിച്ച് നൽകിയ സൂനാമി കോളനിയിലാണ് താമസിച്ചു വന്നത്. അഭിജിത്ത് പ്ലസ് ടു കഴിഞ്ഞ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തുവരുകയായിരുന്നു. അമൽജിത്ത് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് പിതാവിെൻറയും രണ്ടു മക്കളുടെയും മൃതദേഹങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.