ആലപ്പുഴ അപകടം; പരിക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു
text_fieldsആലപ്പുഴ: കളര്‍കോട് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വിദ്യാർഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
വണ്ടിയോടിച്ചിരുന്ന ഗൗരീശങ്കറിനൊപ്പം മുന്നില്‍ ഇരുന്നിരുന്ന ആളാണ് ആല്‍വിന്‍. തിങ്കളാഴ്ച രാത്രിയാണ് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് മരിച്ചത്. കാറിൽ 11 പേരാണ് ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അതേസമയം,വാഹനം ഓടിച്ച വിദ്യാര്‍ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്. വിദ്യാര്‍ഥിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്കും ആര്‍.ടി.ഒ കടക്കും. എന്നാല്‍ വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്ത് പിന്നീടായിരിക്കും നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

