അക്കരെയിക്കരെയിരുന്നൊരു നിക്കാഹ്...
text_fieldsസൗദിയിൽ നിക്കാഹിനിടെ വരൻ ആസിഫ് നാസർ, നിക്കാഹ് കാണുന്ന വധു ആമിന
ആലപ്പുഴ: വരനും വധുവും രണ്ട് രാജ്യങ്ങളിലെങ്കിലും നിക്കാഹിന് തടസ്സമേതുമില്ല. ഏറ്റവും ഭംഗിയായി കോവിഡ്കാല കല്യാണം യാഥാർഥ്യമായതിെൻറ സന്തോഷത്തിലാണ് ആമിനയുടെയും ആസിഫിെൻറയും വീട്ടുകാരും ബന്ധുക്കളും.
ഇരുകരകളിലിരുന്നാണെങ്കിലും ഇന്നലെയവർ ജീവിതത്തിൽ ഒന്നായി. അമ്പലപ്പുഴ എസ്.എൻ കവല മൂലശ്ശേരിയിൽ സെയ്താലി നാസറിെൻറ മകൻ ആസിഫ് നാസറിെൻറയും ചങ്ങനാശ്ശേരി പെരുന്ന ജങ്ഷനിൽ വാലുപറമ്പിൽ വീട്ടിൽ അബ്ദുൽസമദിെൻറ മകൾ ആമിനയുടെയും വിവാഹം ആഗസ്റ്റ് രണ്ടിന് നടത്താൻ തീരുമാനിച്ചിരുന്നു.
ഇതിനായി ചങ്ങനാശ്ശേരിയിൽ ഓഡിറ്റോറിയം ബുക്ക് ചെയ്യുകയും ചെയ്തു. ആസിഫും കുടുംബവും സൗദി അറേബ്യയിലെ അൽകോബാറിലാണ്. ആമിനയുടെ ഉപ്പ അബ്ദുൽസമദ് സൗദിയിൽ ബിസിനസ് നടത്തുന്നു.
കോവിഡിനെത്തുടർന്ന് ലോക്ഡൗൺ ആയതിനാൽ ഇരുകൂട്ടർക്കും നാടണയാൻ കഴിഞ്ഞില്ല. ആമിനയാകട്ടെ ചങ്ങനാശ്ശേരിയിലെ വീട്ടിലും. സൗദിയിൽനിന്ന് എങ്ങനെയും നാട്ടിലെത്താമെന്നുകരുതിയാൽ ക്വാറൻറീനും മറ്റുമായി കുറേദിവസം നഷ്ടപ്പെടും. അങ്ങനെയിരിക്കെയാണ് നിക്കാഹ് ഗൾഫിൽതന്നെ നടത്താൻ തീരുമാനിക്കുന്നത്.
തുടർന്ന് റിയാദിലെ ഹോട്ടലിൽ മതപണ്ഡിതൻ സലീം സഖാഫിയുടെ നേതൃത്വത്തിൽ നിക്കാഹിനുള്ള ഒരുക്കങ്ങൾ സജ്ജീകരിച്ചു. നിശ്ചയിച്ച സമയത്തുതന്നെ ആമിനയുടെ പിതാവ് മകളെ ആസിഫിന് നിക്കാഹ് ചെയ്തുനൽകി.
ചങ്ങനാശ്ശേരിയിലെ വീട്ടിലിരുന്ന് മൊബൈലിലൂടെ ആമിന അതിനെല്ലാം സാക്ഷ്യംവഹിച്ചു. ആസിഫിെൻറ ബന്ധുക്കൾ ആമിനയുടെ വീട്ടിലെത്തി മഹർ കൈമാറി.
ആസിഫ് നാസർ ദമ്മാമിലെ ഇൻറർനാഷനൽ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറാണ്. എം.ബി.എ ബിരുദധാരിയായ ആമിന ഇടപ്പള്ളിയിൽ ജോലിചെയ്യുന്നു.