വിരലിൽ മുറിവ്, കെട്ട് അഴിച്ചാൽ വോട്ട് ചെയ്യാമെന്ന് പോളിങ് ഓഫിസർ, കൈക്കുഞ്ഞുമായി അഞ്ചു മണിക്കൂർ ബൂത്തിൽ, പ്രതിഷേധത്തിനൊടുവിൽ അക്ഷയ വോട്ട് രേഖപ്പെടുത്തി
text_fieldsതൃശൂർ: മുറിവേറ്റതിനെ തുടർന്ന് കെട്ടിവെച്ച ചൂണ്ടുവിരലുമായി പോളിങ് ബൂത്തിലെത്തിയ യുവതി വോട്ട് രേഖപ്പെടുത്താനായി അനുമതി കാത്തുനിന്നത് അഞ്ചു മണിക്കൂറിലധികം. കൈയിലെ കെട്ടഴിക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രിസൈഡിങ് ഓഫിസർ അറിയിച്ചതോടെ, ഉച്ചക്ക് ഒന്നിന് ബുത്തിലെത്തിയ യുവതി പ്രതിഷേധത്തിനൊടുവിൽ വോട്ട് രേഖപ്പെടുത്തിയത് വൈകീട്ട് ആറിന്.
തൃശൂർ മണ്ഡലത്തിൽ കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് നാടകീയ സംഭവം. തൃശൂർ കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ എന്ന യുവതിക്കാണ് വോട്ട് നിഷേധിച്ചത്. കഴിഞ്ഞ ആറിന് മിക്‌സിയിൽ കൈപ്പെട്ടതിനെത്തുടർന്ന് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ കാണിച്ച് സ്റ്റിച്ച് ഇട്ട് വിരൽ കെട്ടിവെക്കുകയും ചെയ്തു. വോട്ട് രേഖപ്പെടുത്താനായി ബൂത്തിൽ എത്തിയപ്പോൾ വിരൽ കെട്ടിവെച്ചിരിക്കുന്നതിനാൽ മഷി പുരട്ടാൻ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫിസർ അറിയിച്ചു. അവർ വീട്ടിൽ പോയി മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം വീണ്ടും എത്തിയെങ്കിലും വോട്ട് ചെയ്യാൻ അനുവദിച്ചില്ല.
കൈക്കുഞ്ഞുമായാണ് ബൂത്തിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഒരു വിരലിന് പരിക്കുണ്ടെങ്കിൽ മറ്റ് വിരലുകളിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും പോളിങ് ഓഫിസർ വഴങ്ങിയില്ല. ജില്ല കലക്ടർ അടക്കം യുവതിക്ക് വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോളിങ് ഓഫിസർ നിലപാടിൽ ഉറച്ചുനിന്നു. യുവതിയുടെ വിരലിൽ 15 സ്റ്റിച്ചുകളാണുണ്ടായിരുന്നത്.
ഒടുവിൽ, പ്രതിഷേധം അതിരൂക്ഷമായതോടെ യുവതിയിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയതിനു ശേഷമാണ് വോട്ട് ചെയ്യാൻ അനുവദിച്ചത്. ഒരു മണിക്ക് ബൂത്തിലെത്തിയ അക്ഷയ വോട്ടിങ് സമയം അവസാനിക്കുന്ന ആറു മണിക്ക് വോട്ടു ചെയ്താണ് മടങ്ങിയത്. ഇതിനിടെ യുവതി വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

