ഒരു കുടക്കീഴിൽ അക്ഷയ സേവനങ്ങൾ സൗജന്യമായി ഒപ്പം വൈഫൈയും
text_fieldsകൊച്ചി: കുട്ടികൾക്ക് ആധാർ കാർഡ് എടുക്കൽ, അഞ്ചും 15 ഉം വയസ്സുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ, കാർഡിലെ തെറ്റ് തിരുത്തൽ, റേഷൻ കാർഡിൻ പേര് ചേർക്കൽ തുടങ്ങി അക്ഷയ കേന്ദ്രങ്ങളുടെ വിവിധ സേവനങ്ങൾ സൗജന്യമായി ലഭിക്കണമെങ്കിൽ നേരെ പോന്നോളൂ മറൈൻ ഡ്രൈവിലേക്ക്...സംസ്ഥാന സർക്കാരിൻറ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് അക്ഷയ സേവനങ്ങൾ സൗജന്യമായി ഒരുക്കിയിരിക്കുന്നത്. ഐ ടി മിഷൻ്റെ നേതൃത്വത്തിലാണ് അക്ഷയ സെൻറർ പ്രവർത്തിക്കുന്നത്.
അക്ഷയയിൽ നിന്ന് ലഭിക്കുന്ന വില്ലേജ് -താലൂക്ക് ഓഫീസ് സേവനങ്ങൾ, പാൻ കാർഡ്, പാസ്പോർട്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷ, രജിസ്ട്രേഷൻ വകുപ്പ് സേവനങ്ങൾ, ഭക്ഷ്യസുരക്ഷ, ലേബർ ഓഫീസ്, ഈ ഫയലിംഗ്, ജി എസ് ടി തുടങ്ങിയ എല്ലാ സേവനങ്ങളും സൗജന്യമായി നൽകുന്നതിനുള്ള അവസരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
അക്ഷയ കേന്ദ്രം തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങൾ, അതിനുള്ള പരീക്ഷ എങ്ങനെ എഴുതാം, മറ്റ് നിരവധി ഓൺലൈൻ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും സ്റ്റാളിൽ എത്തുന്നവർക്ക് നൽകുന്നുണ്ട്. കെ- സ്മാർട്ട്, ഇ-ഡിസ്ട്രിക്ട് സേവനങ്ങളും ലഭിക്കും. രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ സാധിക്കുന്ന ഡിജിലോക്കർ സംവിധാനവും മേളയിൽ എത്തുന്നവർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
അക്ഷയ സേവനങ്ങൾ മാത്രമല്ല സൗജന്യ വൈഫൈയും മേളയിൽ എത്തുന്നവർക്ക് ഐടി മിഷന്റെ നേതൃത്വത്തിൽ നൽകുന്നുണ്ട്. കെഫൈ യിൽ മൊബൈൽ നമ്പറും ഓറ്റിപിയും നൽകി വൈഫൈ ഉപയോഗിക്കാവുന്നതാണ്. ഇവ കൂടാതെ സാങ്കേതികവിദ്യയുടെ ഭാവി പരിചയപ്പെടുത്തുന്ന വിവിധ ഉപകരണങ്ങളുടെ പ്രദർശനവും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
എഐ-പവർഡ് ലീഗൽ ചാറ്റ്ബോട്ട്, എ.എൻ.പി.ആർ സ്മാർട്ട് ക്യാമറകൾ, യഥി എന്ന പേരിൽ റേസിംഗ് കാറുകളുടെ അഡ്വാൻസ്ഡ് ബ്രേക്ക് സിസ്റ്റം, ആപ്ലിക്കേഷൻറെ സഹായത്തോടെ കൃഷിക്ക് ഉപകാരപ്രദമായ വിവരങ്ങൾ ലഭ്യമാകുന്ന ബഹുമൂദ് തുടങ്ങി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

