അടിമാലി: ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) സംസ്ഥാന സമ്മേളനത്തിന് അടിമാലിയില്‍ തുടക്കം. രത്നാകരന് കാണി നഗറില്‍ (അടിമാലി പഞ്ചായത്ത് ഹാള്‍) ദേവസ്വം, പിന്നാക്കക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഹാളിന് പുറത്ത് പ്രത്യേകം തയാറാക്കിയ മണ്ഡപത്തിനരികെ സംസ്ഥാന പ്രസിഡന്റ് ഒ.ആര്. കേളു പതാക ഉയര്‍ത്തി. തുടര്‍ന്ന് നേതാക്കളും പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി.
പ്രതിനിധി സമ്മേളനത്തില്‍ ഒ.ആര്. കേളു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. വാസുദേവന്‍ രക്തസാക്ഷി പ്രമേയവും കെ. മോഹനന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരന് കാണി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.കെ. ഷാജി സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് പൊതുചര്‍ച്ചയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രന്, ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, എ.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണന് ഒക്ലേവ്, സ്വാഗതസംഘം ചെയര്മാന് കെ.വി. ശശി, ട്രഷറര്‍ ചാണ്ടി പി. അലക്സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച ഭാരവാഹി തെരഞ്ഞെടുപ്പിനുശേഷം പൊതുപ്രകടനത്തോടെ സമ്മേളനം സമാപിക്കും.