അഖിൽ മാത്യുവിന്റെ പരാതി: ഹരിദാസന്റെ മൊഴിയെടുത്തു
text_fieldsമലപ്പുറം: കൈക്കൂലി ആരോപണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സനൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന്റെ പരാതിയിൽ മലപ്പുറം കാവിൽ അധികാരകുന്നത്ത് ഹരിദാസൻ കുമ്മാളിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 9.30ഓടെയെത്തിയ അന്വേഷണസംഘം വൈകീട്ട് 6.15 വരെ മൊഴിയെടുത്തു. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ഹരിദാസൻ കൈമാറിയതായി മൊഴിയെടുക്കാനെത്തിയ എസ്.ഐ ഷെഫിൻ പറഞ്ഞു.
രേഖകളെല്ലാം ശേഖരിച്ചതായും ഉടൻ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസ് ചോദിച്ചറിഞ്ഞതായി ഹരിദാസനും പറഞ്ഞു. പണം നൽകിയത് മുതലുള്ള എല്ലാ കാര്യങ്ങളും വിശദീകരിച്ചു. പേഴ്സനൽ സ്റ്റാഫിനെതിരെ ഉന്നയിച്ച കൈക്കൂലി ആരോപണങ്ങളിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും പിന്നോട്ട് പോകില്ലെന്നും ഹരിദാസൻ പറഞ്ഞു.
താൻ ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തുടർ നടപടിയുണ്ടായിട്ടില്ല. അഖിൽ സജീവിനെ കണ്ടതടക്കമുള്ള കാര്യങ്ങൾ പൊലീസിനോട് വിശദീകരിച്ചു. അഖിൽ മാത്യുവിനെ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം ചോദിച്ചു. അഖിൽ മാത്യുവിനെ താൻ ഒരുതവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും പരിചയപ്പെട്ടപ്പോഴാണ് അഖിൽ മാത്യുവാണെന്ന് പറഞ്ഞതെന്നും അത് താൻ വിശ്വസിക്കുകയായിരുന്നെന്നും ഹരിദാസൻ പറഞ്ഞു. കൈക്കൂലി സംഭവത്തിൽ പൊലീസിന് പരാതി കൊടുക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ഹരിദാസൻ മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

