എ.കെ.ജി സെന്‍റർ ആക്രമണം: നാലാം പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ ഒന്നാം പ്രതിക്ക് സ്കൂട്ടറും സ്ഫോടകവസ്തുവും എത്തിച്ചുനൽകിയ നാലാം പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ. നാലാം പ്രതിയും യു.ഡി.എഫ് പ്രവർത്തകയുമായ നവ്യയെ ചോദ്യം ചെയ്‌താൽ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹൻ കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി.
കേസിൽ നവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. മൃദുൽ ജോൺ വാദിച്ചു. വ്യക്തതയില്ലാത്ത കാമറ ദൃശ്യങ്ങൾ മാത്രമാണ് കിട്ടിയിട്ടുള്ളതെന്നും നവ്യ ഉപയോഗിക്കുന്ന സ്കൂട്ടർ മറ്റൊന്നാണെന്നും രാത്രി പത്ത് വരെ ലുലു മാളിലെ ജോലി സ്ഥലത്തായിരുന്നു ഇവരെന്നും പ്രതിഭാഗം വാദിച്ചു. നവ്യയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കൂടെ ജോലി ചെയ്യുന്നവർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വ്യക്തതയില്ലെന്നത് തെറ്റാണെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ്‌കുമാർ പറഞ്ഞു.
കേസിനാസ്‌പദമായ വാഹനവും സ്ഫോടകവസ്തുവും പ്രതി ജിതിന് കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ആക്രമണത്തിന് ശേഷം തിരികെയെത്തിച്ച സ്കൂട്ടർ കൊണ്ടുപോയതും ഇവരാണത്രെ. 17ന് കേസ് വീണ്ടും പരിഗണിക്കും.