എ.കെ.ജി സെന്‍റര്‍ ആക്രമണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ തിരുവനന്തപുരം എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി.ജി.പിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
23 ദിവസമായിട്ടും പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷിച്ചിരുന്നത്. സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
ജൂൺ 30ന് രാത്രി 11.45ഓടെയാണ് സ്കൂട്ടറിലെത്തിയ ആൾ പൊലീസ് കാവലുള്ള സി.പി.എം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ഏറുപടക്കത്തിന് സമാനമായ സ്‌ഫോടകവസ്തുവെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. അൻപതോളം സി.സി.ടി.വി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.