എ.കെ.ജി സെന്റർ ആക്രമണം: ടീ ഷർട്ട് കായലിലെറിഞ്ഞെന്ന് പ്രതി; ഒക്ടോബർ ആറ് വരെ റിമാൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ സംഭവ ദിവസം ധരിച്ചിരുന്ന ഷൂസ് കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. എന്നാൽ, പ്രതി ധരിച്ചിരുന്ന ടീ ഷർട്ട് കണ്ടെടുക്കാനായിട്ടില്ല. ഇത് കായലിൽ എറിഞ്ഞതായാണ് ജിതിൻ പൊലീസിന് മൊഴി നൽകിയത്. ടീ ഷർട്ട് വാങ്ങിയ കടയിൽ തെളിവെടുപ്പ് നടത്തിയതായും തെളിവെടുപ്പ് പൂര്‍ത്തിയായതായും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്രതി ആക്രമണസമയത്ത് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സ്‌കൂട്ടര്‍ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റേതാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ജിതിനെ കോടതി ഒക്ടോബർ ആറ് വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വാദം നടക്കും.