എ.കെ.ജി സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ വസ്തുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും
text_fieldsഎ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യത്തിൽ നിന്ന്
തിരുവനന്തപുരം: സി.പി.എമ്മിന്റെ അവകാശവാദം തള്ളി എ.കെ.ജി സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ ഏറുപടക്കം പോലുള്ള വസ്തുവെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ടും. സംഭവം നടന്നയുടൻ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുവാണ് എറിഞ്ഞതെന്ന് സ്ഥലത്തെത്തിയ സി.പി.എം നേതാക്കൾ പ്രതികരിച്ചിരുന്നു.
ആക്രമണ സമയത്ത് എ.കെ.ജി സെന്ററിലുണ്ടായിരുന്ന പി.കെ. ശ്രീമതി പറഞ്ഞത് ഉഗ്രശബ്ദത്തോടെയുള്ള ബോംബാക്രമണം എന്നായിരുന്നു. അത് ഇടതു കേന്ദ്രങ്ങളും പ്രചരിപ്പിച്ചു. എന്നാല്‍, വലിയ നാശം വിതയ്ക്കാന്‍ സാധിക്കാത്ത ഏറുപടക്കം പോലുള്ള സ്ഫോടക വസ്തുവാണ് എറിഞ്ഞതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങളിലുള്ളത് പൊട്ടാസ്യം ക്ലോറേറ്റ്, അലുമിനിയം പൗഡര്‍ എന്നിവയാണ്. വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളുണ്ടാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. വീര്യം കൂട്ടുന്ന രാസവസ്തുക്കളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഗ്രസ്ഫോടകവസ്തുവെന്ന ആരോപണം തള്ളുന്ന പ്രതികരണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് സംഭവത്തിന്റെ പിറ്റേദിവസം തന്നെയുണ്ടായിരുന്നു. അതു ശരിവെക്കുന്നനിലയിലാണ് ഇപ്പോൾ ഫോറൻസിക് റിപ്പോർട്ടും. എന്നാൽ, പൊലീസ് ഈ റിപ്പോർട്ട് അംഗീകരിച്ചിട്ടില്ല. വിശദമായ പരിശോധന നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്ഫോടകവസ്തു വീണ്ടും ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. അന്വേഷണവും മന്ദഗതിയിലായിട്ടുണ്ട്. ഒന്നിലധികം പ്രതികളുണ്ടെന്ന് ആദ്യം പറഞ്ഞിരുന്ന പൊലീസ് ഇപ്പോൾ ഒരാളിൽ മാത്രം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. പ്രതി എത്തിയതിനു സമാനമായ സ്കൂട്ടര്‍ കേന്ദ്രീകരിച്ചാണ് പരിശോധന തുടരുന്നത്.