എ.കെ.ജി സെന്‍റർ ആക്രമണം; ആയിരക്കണക്കിന് വാഹനങ്ങളുടെ വിവരം ശേഖരിച്ചിട്ടും തുമ്പായില്ല
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്‍ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ കുറ്റവാളിയെ കണ്ടെത്താൻ ആയിരക്കണക്കിന് വാഹന ഉടമകളുടെ വിവരം ശേഖരിച്ചെങ്കിലും തുമ്പ് ലഭിച്ചില്ല. സംഭവം നടന്ന് ആറു ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാത്തതിൽ പൊലീസിലെ ഉന്നതർ കടുത്ത അതൃപ്തിയിലാണ്. അന്വേഷണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർ അക്കാര്യം പ്രകടിപ്പിച്ചു.
ആക്രമിയെത്തിയത് ചുവന്ന സ്കൂട്ടറിലാണെന്ന വിവരം മാത്രമാണ് പൊലീസിനുള്ളത്. അതിന്‍റെ അടിസ്ഥാനത്തിൽ പ്രതി സഞ്ചരിച്ച സ്കൂട്ടറിന്‍റെ അതേ മോഡൽ ഉപയോഗിക്കുന്നവരുടെ വിവരമാണ് മോട്ടോർ വാഹന വകുപ്പിൽനിന്നും വാഹന വിതരണക്കാരിൽനിന്നും പൊലീസ് ശേഖരിച്ചത്. അതിൽ ആയിരത്തിലേറെ വാഹന ഉടമകൾക്ക് ഇതുമായി ബന്ധമില്ലെന്ന് കണ്ടെത്തി. മറ്റുള്ളവരെക്കുറിച്ച വിവരങ്ങൾ പരിശോധിച്ചുവരുകയാണ്.
മൊബൈൽ ടവർ ലൊക്കേഷനും മറ്റു സ്ഥലങ്ങളിലെ സി.സി ടി.വി കാമറകളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. അക്രമത്തിനു പിന്നിൽ ഒന്നിൽകൂടുതൽപേർ ഉണ്ടായിരുന്നെന്ന് പറഞ്ഞ പൊലീസ് ഇപ്പോൾ സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് മാത്രമേ ബന്ധമുള്ളൂവെന്ന നിലപാടിലാണ്.
സംഭവത്തിനു തൊട്ടുമുമ്പ് എ.കെ.ജി സെന്‍ററിന് സമീപം സ്കൂട്ടർ നിർത്തിയശേഷം മടങ്ങിയ വ്യക്തി ആ പ്രദേശത്തെ തട്ടുകടയിലെ തൊഴിലാളിയാണെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. ദിവസവും രാത്രി വെള്ളമെടുക്കാൻ അയാൾ അതുവഴി പോകാറുണ്ട്. സംഭവദിവസവും അങ്ങനെ പോയതാണത്രെ. ഏതെങ്കിലും വ്യക്തിയെ പ്രതിചേർത്താൽ അത് വിവാദമാകുമെന്നതിനാൽ കരുതലോടെയാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് വിശദീകരിക്കുന്നു.