'ക്രിമിനല്‍ പ്രവര്‍ത്തിയിലൂടെ തട്ടിയെടുത്ത ഭൂമി, പാർട്ടി വാങ്ങരുത്'; എ.കെ.ജി സെന്‍റർ ഭൂമി തര്‍ക്കസ്ഥലമെന്ന് അറിയിച്ച് സി.പി.എമ്മിന് നൽകിയ കത്ത് പുറത്ത്
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ പുതിയ എ.കെ.ജി സെന്‍ററിന് സ്ഥലം വാങ്ങിയത് തര്‍ക്കഭൂമിയെന്ന് അറിഞ്ഞാണെന്നതിന്റെ തെളിവ് പുറത്ത്.
രജിസ്ട്രേഷന് മുമ്പ് തര്‍ക്ക ഭൂമിയാണിതെന്ന് വ്യക്തമാക്കി പാർട്ടിക്ക് നൽകിയ കത്താണ് പുറത്തുവന്നത്. വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞ ഇന്ദു ഗോപന്‍ 2020 ജൂണ്‍ ഒമ്പതിന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നൽകിയ കത്താണ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിനിടെ പരസ്യമായത്.
‘തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമി ക്രിമിനല്‍ പ്രവര്‍ത്തിയിലൂടെ തട്ടിയെടുത്ത് സി.പി.എമ്മിന് വില്‍ക്കാന്‍ ശ്രമിക്കുകയാണ്. അത് പാര്‍ട്ടി വാങ്ങിയാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദീര്‍ഘകാലം നീളുന്ന നിയമപോരാട്ടമുണ്ടായേക്കാം. അതിനാൽ ഈ ഭൂമി വാങ്ങുന്നതില്‍ നിന്ന് പാര്‍ട്ടി വിട്ടുനില്‍ക്കണം’ എന്നാണ് ഇന്ദു കത്തില്‍ പറഞ്ഞിരുന്നത്.
എ.കെ.ജി സെന്‍റർ നിലകൊള്ളുന്ന ഭൂമിയുടെ ആദ്യ ഉടമ പോത്തന്‍ കുടുംബമായിരുന്നു. അവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടിയുണ്ടായി. ഇതിനിടെ, ഈ ഭൂമി ഇന്ദുവും അവരുടെ ബന്ധുവും ചേര്‍ന്ന് വാങ്ങി.
ആ വേളയിലാണ് കോടതി വസ്തു ലേലം ചെയ്തത് എന്നാണ് ആക്ഷേപം. തനിക്കവകാശപ്പെട്ട സ്ഥലം ലേലം ചെയ്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ദു സുപ്രീം കോടതിയെ സമീപിച്ചത്. 1998 ല്‍ കോടതി ലേലത്തില്‍ ഭൂമി കരസ്ഥമാക്കിയവരില്‍ നിന്നാണ് 2021ല്‍ 32 സെന്‍റ് ഭൂമി ആറരക്കോടിയോളം രൂപക്ക് സി.പി.എം വാങ്ങിയത്. ഭൂമി തർക്കത്തിൽ സുപ്രീം കോടതി നോട്ടീസ കഴിഞ്ഞ ദിവസമാണ് സി.പി.എമ്മിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

