എ.കെ.ജി സെന്ററിന് മുന്നിൽ സമരത്തിനിറങ്ങിയ പവനൻ സി.പി.എം വിഭാഗീയതയുടെ ഇര
text_fieldsപത്തനംതിട്ട: തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് മുന്നിൽ സമരത്തിനിറങ്ങിയ ബി. പവനൻ സി.പി.എമ്മിലെ വിഭാഗീയതയുടെ ഇര. ഒരു കാലത്ത് പത്തനംതിട്ടയിൽ പാർട്ടിയെ മുന്നിൽനിന്ന് നയിച്ച ആളാണ് പവനൻ. ജില്ല രൂപവത്കരണ സമയത്ത് എസ്.എഫ്.ഐയുടെയും പിന്നെ ഡി.എഫ്.ഐയുടെയും ജില്ല പ്രസിഡന്റായ പവനൻ പിന്നീട് പാർട്ടിയുടെ ജില്ല കമ്മിറ്റി അംഗമായി.
എന്നാൽ 16ാം പാർട്ടി കോൺഗ്രസിന് 1998 ൽ റാന്നിയിൽ നടന്ന ജില്ല സമ്മേളനത്തിൽ വിഭാഗീയതയെ എതിർത്ത് ബദൽ രേഖ അവതരിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പവനനെ പാർട്ടി സസ്പെൻഡ് ചെയ്തു. വി.എസ്-നായനാർ ഗ്രൂപ് പോരിൽ വി.എസ് പക്ഷത്തിന്റെ കണ്ണിലെ കരടായിരുന്നു പവനൻ. വി.എസ് പക്ഷത്തിന്റെ ശക്തികേന്ദ്രമായ ജില്ലയിൽ പിന്നെ പവനന് പഴയ പ്രതാപത്തിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. കൺട്രോൾ കമീഷന് പരാതി നൽകി നടപടി പിൻവലിച്ചെങ്കിലും വി.എസ് പക്ഷക്കാർക്ക് മുൻതൂക്കമുള്ള ജില്ലയിലെ പാർട്ടി പവനനോട് ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവർത്തിക്കാനാണ് നിർദേശിച്ചത്. നടപടി നേരിട്ടിട്ട് ഇപ്പോൾ 28 വർഷം കഴിഞ്ഞു. രണ്ട് വർഷം മുമ്പാണ് പത്തനംതിട്ട ലോക്കൽ കമ്മിറ്റിയിലേക്ക് എത്താൻ കഴിഞ്ഞത്.
തനിക്കൊപ്പമോ താഴെയോ ഉണ്ടായിരുന്നവർ ഉയർന്ന സ്ഥാനങ്ങളിൽ എത്തിയെങ്കിലും പാർട്ടിയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന അവഗണനയിൽ നിന്നുള്ള നിരാശയാണ് പവനനെ സാഹസിക സമരത്തിന് പ്രേരിപ്പിച്ചതെന്ന് വേണം കരുതാൻ. ഇത്തരത്തിലൊരു സമരത്തിലേക്ക് പോയതിന്റെ കാരണം വ്യക്തമാക്കാൻ അദ്ദേഹം വിസമ്മതിച്ചു. അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും പാർട്ടിക്ക് സിന്ദാബാദ് വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിന്റെ പേരിലാണ് സമരമെന്ന് പറയുന്നുണ്ടെങ്കിലും അങ്ങിനെയെന്തെങ്കിലുമൊരു ആവശ്യവുമായി പാർട്ടിയെ സമീപിച്ചിട്ടില്ലെന്ന് ജില്ല സെക്രട്ടറി രാജു എബ്രഹാമും പറഞ്ഞു. തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട വലിയ പരാജയത്തിന് പിന്നാലെ വലിയ തിരുത്തലുകൾക്ക് തയാറെടുക്കുന്ന സമയത്ത് ഔദ്യോഗിക നേതൃത്വത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി പദവികളിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹമാണ് സമരത്തിന് പിന്നിലെന്നാണ് പാർട്ടി ജില്ല നേതൃത്വം വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

