സമർത്ഥരായ കുറ്റവാളികളാണ് എ.കെ.ജി സെന്‍റർ ആക്രമിച്ചത് -ഇ.പി. ജയരാജൻ
text_fieldsതിരുവനന്തപുരം: സമർത്ഥരായ കുറ്റവാളികളാണ് എ.കെ.ജി സെന്‍റർ ആക്രമിച്ചതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. അതുകൊണ്ടാണ് പ്രതികളെ പിടികൂടാൻ സമയമെടുക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സമർത്ഥരായ കുറ്റവാളികളാണ് ഇതിനുപിന്നിലുള്ളതെന്ന് വ്യക്തമാണ്. അതുകൊണ്ട് കുറച്ച് സമയമെടുത്തക്കും. പക്ഷേ എല്ലാ കുറ്റവാളികളെയും കണ്ടെത്താനുള്ള സർക്കാറിന്‍റെ പരിശ്രമം വിജയിക്കും -ജയരാജൻ പറഞ്ഞു.
ജൂൺ 30 രാത്രിയാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്. ബി.ജെ.പി സംസ്ഥാന കാര്യാലയത്തിനുനേരെ ബോംബെറിഞ്ഞ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം കോടതി തള്ളിയ ദിവസമായിരുന്നു ഇത്. രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ മുഴുവൻ സംവിധാനവും ഉപയോഗിച്ച് ഒരുമാസത്തോളം അന്വേഷിച്ചിട്ട് പ്രതിയെ പിടികൂടാനായില്ല.
പ്രതി വന്നത് ചുവന്ന സ്കൂട്ടറിലാണെന്ന വിവരത്തെ തുടർന്ന് ഇത്തരം സ്കൂട്ടറുള്ള രണ്ടായിരത്തിലധികം പേരുടെ വിശദാംശങ്ങൾ പരിശോധിച്ചെങ്കിലും സ്കൂട്ടർ കെണ്ടത്താനായില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സ്കൂട്ടറിന്‍റെ നമ്പർ വ്യക്തമായില്ല.