കെ.എസ്.ആർ.ടി.സി: മന്ത്രിക്കെതിരെ എ.കെ. ബാലൻ
text_fieldsതിരുവനന്തപുരം: ജീവനക്കാരെ മൊത്തം ബാധിക്കുന്ന പ്രശ്നത്തിൽ ഏകപക്ഷീയമായ തീരുമാനമെടുത്തതിനു ശേഷം യൂനിയനുകളുമായി വേണമെങ്കിൽ ചർച്ച ചെയ്യാമെന്ന ഗതാഗത മന്ത്രിയുടെ നിലപാട് ഇടതുസർക്കാർ നയത്തിന് വിരുദ്ധമാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ മുൻ മന്ത്രി എ.കെ. ബാലൻ.
കെ.എസ്.ആർ.ടി.സിയിലെ പരിഹരിക്കാത്ത പ്രശ്നങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമാണ് മാനേജ്മെന്‍റ് നിലപാട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 2022 സെപ്റ്റംബർ അഞ്ചിന് തീരുമാനിച്ചതിൽ എവിടെയും ശമ്പളം ഗഡുക്കളായി കൊടുക്കാമെന്ന് വകുപ്പുമന്ത്രിയോ മാനേജ്മെന്‍റോ പറഞ്ഞിരുന്നില്ല. ചില കടലാസ് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നതിനനുസരിച്ചാണ് സി.ഐ.ടി.യു നേതാക്കളുടെ പേരിൽ മാനേജ്മെന്‍റ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തി.
മന്ത്രിമാരെ സോപ്പിട്ട് വശത്താക്കാൻ ബ്യൂറോക്രസിയിലെ ഒരുവിഭാഗത്തിന് പ്രത്യേക പ്രാഗല്ഭ്യമുണ്ട്. ഒന്നാം പിണറായി സർക്കാറിന്‍റെ ജനോപകാരപ്രദമായ പല നടപടികളും മുന്നോട്ടുകൊണ്ടുപോകുന്നതിൽ വലിയ തടസ്സമുണ്ടാക്കുന്നു. ഇതിനെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. തൊഴിലാളികളും ജീവനക്കാരും സർക്കാറിനൊപ്പമാണ്. ഈ വസ്തുത മനസ്സിലാക്കി വഴിവിട്ട് ചിന്തിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ നിയന്ത്രിക്കാനും തിരുത്താനും സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

