പി.എം സുരേഷ് ബാബുവിനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് എ.കെ ശശീന്ദ്രൻ
text_fieldsകോഴിക്കോട്: കോൺഗ്രസ് വിട്ട അഡ്വ. പി.എം. സുരേഷ് ബാബുവുമായി എൻ.സി.പി നേതാവ് എ.കെ ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി. സുരേഷ് ബാബുവിന്റെ വീട്ടിലെ കൂടിക്കാഴ്ച വികാരനിർഭരമായിരുന്നു. സുരേഷ് ബാബുവിനെ കെട്ടിപിടിച്ച ശശീന്ദ്രൻ പൊട്ടിക്കരഞ്ഞു.
എൻ.സി.പിയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് എ.കെ ശശീന്ദ്രൻ സുരേഷ് ബാബുവിന്റെ വീട്ടിലെത്തിയത്. കൂടാതെ, എലത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് സുരേഷ് ബാബുവിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
കോൺഗ്രസ് വിട്ട പി.സി ചാക്കോയുമായുള്ള കൂടിക്കാഴ്ചയിലും എ.കെ ശശീന്ദ്രൻ പൊട്ടിക്കരഞ്ഞിരുന്നു. സുരേഷ് ബാബുവും പി.സി ചാക്കോയും ശശീന്ദ്രനും കോൺഗ്രസിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്.
മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ അഡ്വ. പി.എം. സുരേഷ്ബാബു കോൺഗ്രസ് വിടുന്നതായി ഇന്നലെയാണ് പ്രഖ്യാപിച്ചത്. നിലവിൽ കെ.പി.സി.സി നിർവാഹകസമിതി അംഗമാണ്. ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാനാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

