ശശീന്ദ്രനെതിരെ ഹരജി നൽകിയ ആൾക്കെതിരെ ഡി.ജി.പിക്ക് പരാതി
text_fieldsതിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ കുറ്റമുക്തനാക്കിയ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നല്കിയ വ്യക്തിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി. പരാതിക്കുപിന്നിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം പ്രദീപ് പാറപ്പുറമാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. തിരുവനന്തപുരം സ്വദേശി മഹാലക്ഷ്മിക്കെതിരെയാണ് പ്രദീപിെൻറ പരാതി.
നേരത്തേ എ.കെ. ശശീന്ദ്രനെതിരായ ഫോൺ കെണി കേസ് അവസാനിപ്പിക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടപടി സ്വീകരിക്കവെ മഹാലക്ഷ്മിയെന്ന പേരിൽ ഒരു ഹരജി കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന കേസായതിനാൽ ഹരജിയിൽ നടപടി അവസാനിപ്പിക്കരുതെന്നായിരുന്നു ആവശ്യം. തുടർന്ന്, ഹരജി പരിഗണിച്ച കോടതി അത് തള്ളിയാണ് ശശീന്ദ്രനെ കുറ്റമുക്തനാക്കിയത്.
എന്നാൽ, വ്യാഴാഴ്ച വൈകുന്നേരം ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൈകോടതിയിൽ പുതിയ ഹരജി സമർപ്പിക്കപ്പെട്ടത്. ആ സാഹചര്യത്തിലാണ് പരാതിക്കാരിയെക്കുറിച്ച് അന്വേഷിക്കണമെന്ന് എൻ.സി.പി തന്നെ ആവശ്യപ്പെട്ടിട്ടുള്ളത്. ഇൗ പരാതിക്കാരി വ്യാജമാണെന്നും ശശീന്ദ്രൻ മന്ത്രിയാകുന്നതിന് തടയിടാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്നും എൻ.സി.പി നേതൃത്വവും സംശയിക്കുന്നു. ആ സാഹചര്യത്തിലാണ് പരാതി നൽകിയത്.
