ആകെ മുറിച്ചത് 2419 തേക്ക്, ഈട്ടി മരങ്ങളെന്ന് എ.കെ ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: 2020 ലെ റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറലിൽ സംസ്ഥാനത്താകെ പ്രിൻസിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (വിജിലൻസ്) അന്വേഷണ റിപ്പോർട്ട് പ്രകാരം ആകെ മുറിച്ചത് 2419 തേക്ക്, ഈട്ടി മരങ്ങളെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ആകെ മുറിച്ചതിൽ 171 ഈട്ടി മരങ്ങളും 2248 തേക്കുമാണ് മുറിച്ചത്. റിപ്പോർട്ട് പ്രകാരം ആകെ മരങ്ങളുടെ വില 14.41കോടിയാണെന്നും ഡോ. മാത്യു കുഴൽനാടൻ, ഐ.സി ബാലൻ, സജീവ് ജോസഫ്, ഷാഫി പറമ്പിൽ എന്നിവർക്ക് മന്ത്രി മറുപടി നൽകി.
അടിമാലി റെയിഞ്ചിലെ മുൻ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറായ ജോജി ജോണിനെ സർവീസിൽനിന്നും സസ്പെൻറ് ചെയ്തു. 2022 മാർച്ച് 10ന് കുറ്റ പത്രവും നൽകി. സർക്കാർ തലത്തിൽ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചു. നിലവിൽ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായ ഔപചാരിക അന്വേഷണം തുടങ്ങി.
ലക്കിടി ചെക്ക് പോസ്റ്റ് രജിസ്റ്ററിൽ തിരുത്തലുകൾ വരുത്തിയെന്ന കുറ്റത്തിന് വി.എസ് വിനേഷ്,(സെക്ഷൻ ഫോറസ്റ്റ് ഓഫീസർ), ഇ.പി ശ്രീജിത്ത് (ബീറ്റ് ഫോറസ്റ്റ് ഓഫീസർ) എന്നീ രണ്ട് സംരക്ഷണ വിഭാഗം ജീവനക്കാരെ അന്വേഷണ വിധേയമായി നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സസ്പെൻഡ് ചെയ്തു.
കണ്ണൂർ എസ്.ഐ.പി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുട്ടിൽ സെക്ഷനിൽ നടന്ന മരം മുറിയുമായി ബന്ധപ്പെട്ട് മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും കേസിലെ പ്രതികളുമായി ഔദ്യോഗിക ആവിശ്യങ്ങൾക്കപ്പുറമുള്ള ബന്ധമുണ്ടെന്ന് ആരോപണമുണ്ടായ സാഹചര്യത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ ബി.പി.രാജുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. റിട്ടയേഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പത്മനാഭൻ,ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ എം.മനോഹരൻ എന്നിവർക്കെതിരെ അച്ചടക്കനടപടികൾ ആരംഭിച്ചുവെന്നും മന്ത്രി ശശീന്ദ്രൻ നിയമസഭയെ രേഖാമൂലം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

