എ.കെ. ബാലന്റെ വിവാദ പ്രസ്താവന; സി.പി.എമ്മിൽ ഭിന്നത, ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി, നിരുത്തരവാദപരമെന്ന് ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയെന്നും മാറാട് വീണ്ടും ആവർത്തിക്കുമെന്നുള്ള മുതിർന്ന നേതാവ് എ.കെ. ബാലന്റെ വിവാദ പ്രസ്താവനയെ ചൊല്ലി സി.പി.എമ്മിൽ ഭിന്നത.
ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ ന്യായീകരിച്ചപ്പോൾ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരം ജില്ല കമ്മിറ്റി യോഗത്തിൽ ബാലനെ തള്ളുന്ന നിലപാടാണ് സ്വീകരിച്ചത്.
ബാലന്റെ പ്രസ്താവന നിരുത്തരവാദപരമാണ്. അതിനെ തള്ളുന്നു എന്നാണ് യോഗത്തിൽ ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിങിനായിട്ടായിരുന്നു ജില്ല കമ്മിറ്റി യോഗം ചേർന്നത്. സാങ്കൽപിക ചോദ്യത്തിന് ബാലൻ സാങ്കൽപികമായി ഉത്തരം പറയുകയായിരുന്നു. അതിനാലാണ് ഇക്കാര്യത്തിൽ മാധ്യമങ്ങൾ അഭിപ്രായം ചോദിച്ചപ്പോൾ താൻ മറുപടി പറയാതിരുന്നത് എന്നും ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി.
ബാലന്റെ വിവാദ വാക്കുകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാറാട് കലാപം ഓർമ്മപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്തതെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി അതിനെ വാർത്ത സമ്മേളനത്തിൽ ന്യായീകരിച്ചത്. ജില്ല കമ്മിറ്റി യോഗത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രനെതിരെയും വിമർശനം ഉയർന്നു. നേരത്തെ നടന്ന യോഗത്തിലും ആര്യക്കെതിരെ ആക്ഷേപമുയർന്നിരുന്നു.
‘ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മാതൃകയാണ്. വർഗീയ സംഘർഷങ്ങളും വഗീയ കലാപങ്ങളുമില്ല. എന്നാൽ, അതിൽനിന്ന് വ്യത്യസ്‍തമായ ചിത്രം കേരളത്തിൽ ഉണ്ടായിരുന്നു. അതാണ് എ.കെ. ബാലൻ ഓർമിപ്പിച്ചത് എന്നാണ് ഞാൻ കരുതുന്നത്. അതിനിഷ്ഠൂരമായ കലാപമായിരുന്നു മാറാട് കലാപം. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി അവിടെ സന്ദർശിക്കുമ്പോൾ മന്ത്രി കുഞ്ഞാലിക്കുട്ടി കൂടെ വരാൻ പാടില്ലെന്ന് ആർ.എസ്.എസ് നിബന്ധനവെച്ചിരുന്നു. അതനുസരിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല. ഞാൻ പാർട്ടി ഭാരവാഹിയായിരിക്കെ അവിടെ ആരുടെ അനുമതിയും വാങ്ങാതെ അവിടെ പോയിരുന്നു. യു.ഡി.എഫ് വർഗീയതയെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്നം. അതിന്റെ ഉദാഹരണമാണ് അവിടെ കണ്ടത്. വർഗീയ ശക്തികൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. പക്ഷേ, അവർക്ക് അഴിഞ്ഞാടാൻ കഴിയുന്നില്ല. അവർ തലപൊക്കാൻ ശ്രമിച്ചാൽ കർക്കശമായി നേരിടും. ഏത് വർഗീയതയായാലും നാടിനാപത്താണ് എന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. ഈ പറയുന്ന തരത്തിൽ ഒരു നിലയുണ്ടായാൽ യു.ഡി.എഫ് എന്ത് സമീപനം സ്വീകരിക്കുമെന്ന് സൂചിപ്പിക്കാനാണ് ബാലൻ ശ്രമിച്ചത് എന്നാണ് ഞാൻ കരുതുന്നത്’ -പിണറായി വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

