Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് അണിയിച്ച ഷാൾ...

കോൺഗ്രസ് അണിയിച്ച ഷാൾ ഐഷാ പോറ്റിയുടെ കഴുത്ത് ഞെരുക്കി ശ്വാസംമുട്ടിക്കും; എ.കെ. ബാലൻ

text_fields
bookmark_border
AK Balan
cancel

സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ കൊട്ടാരക്കര മുൻ എം.എൽ.എ ഐഷാ പോറ്റിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എ.കെ. ബാലൻ. വിശ്വാസ വഞ്ചനയുടെ രണ്ടു മുഖങ്ങളാണ് ഒന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും ഐഷാ പോറ്റിയുമെന്നും എ.കെ. ബാലൻ ആരോപിച്ചു. ഐഷാ പോറ്റിയെ വർഗ വഞ്ചകി എന്നാണ് മേഴ്സിക്കുട്ടിയമ്മ വിമർശിച്ചത്. രാഷ്ട്രീയത്തിൽ പുതിയ പേരാണതെന്നും ഐഷാ പോറ്റിയെ വിശേഷിപ്പിക്കാൻ ഇതിലും നല്ല മറ്റൊരു പേരില്ലെന്നും എ.കെ. ബാലൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് അണിയിച്ച ഷാൾ ഐഷാ പോറ്റിയുടെ കഴുത്ത് ഞെരുക്കി ശ്വാസംമുട്ടിക്കുമെന്നും ബാലൻ പറഞ്ഞു. അത് ഐഷാ പോറ്റി ക്ഷണിച്ചു വരുത്തിയ രാഷ്ട്രീയ ആത്മഹത്യയിലേക്ക് നയിക്കും. കുറ്റബോധം കൊണ്ട് അവർ ലേഡി മാക്ബത്തിന്റെ അവസ്ഥയിലേക്ക് എത്തുമെന്നും എ.കെ. ബാലൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
കോൺഗ്രസ് കഴുത്തിൽ ഇട്ട ഷാൾ കൊലക്കയർ ആവരുത്
ജനുവരി 15ന് മലയാള മനോരമയിൽ ഒരു വാർത്ത വന്നു. "സിപിഐഎമ്മിന്റെ ഇടം ഇല്ലാതാകുന്നു, അത് ദൈവനിശ്ചയം". പരാമർശം നടത്തിയത് ഐഷാ പോറ്റി. ദൈവത്തിൻറെ പേര് പറഞ്ഞുകൊണ്ട് സിപിഐഎമ്മിനെ ശപിക്കാൻ ശ്രീമതി ഐഷാ പോറ്റിയെ പ്രേരിപ്പിച്ചതിന്റെ പിന്നിൽ ഒരു കപട വിശ്വാസിയാണല്ലോ ഒളിഞ്ഞിരിക്കുന്നത്. ശബരിമല ശാസ്താവിന്റെ സ്വർണം കട്ട ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മറ്റൊരു മുഖം ഐഷ പോറ്റിയിൽ തെളിയുകയാണ്. രണ്ടും വിശ്വാസവഞ്ചനയുടെ രണ്ടു മുഖങ്ങളാണ്. ഐഷാ പോറ്റിയെ സഖാവ് മേഴ്സിക്കുട്ടി വിശേഷിപ്പിച്ചത് വർഗ്ഗവഞ്ചകി എന്നാണ്. ഇതിനേക്കാളും നല്ല നാമവിശേഷണം രാഷ്ട്രീയ നിഘണ്ടുവിൽ കാണാൻ കഴിയില്ല. വർഗ്ഗവഞ്ചകൻ പഴയ ഒരു പ്രയോഗമാണ്; കേട്ടു പരിചയപ്പെട്ടതാണ്. പക്ഷേ രാഷ്ട്രീയത്തിൽ വർഗ്ഗവഞ്ചകി പുതിയ പേരാണ്. ഈ പേരിന് സമാനമായി കേരള രാഷ്ട്രീയത്തിൽ ഐഷാ പോറ്റിയെ പോലെ മറ്റൊരു പേര് കേട്ടിട്ടില്ല. ഈ നാമവിശേഷണത്തിന് ഇനി ഒരു സ്ത്രീയും തൊഴിലാളി വർഗ്ഗ പാർട്ടിയിൽ നിന്ന് ഉണ്ടാകരുതെന്ന ഉപദേശം കൂടി സഖാവ് മേഴ്സിക്കുട്ടിയുടെ പ്രതികരണത്തിൽ ഉണ്ട്.
കോൺഗ്രസ് അണിയിച്ച ഷാൾ ഐഷാ പോറ്റിയുടെ കഴുത്ത് ഞെരുക്കി ശ്വാസംമുട്ടിക്കും. അത് ഐഷാ പോറ്റി ക്ഷണിച്ചു വരുത്തിയ രാഷ്ട്രീയ ആത്മഹത്യയിലേക്ക് നയിക്കും. കുറ്റബോധം കൊണ്ട് ലേഡി മാക്ബത്തിൻ്റെ അവസ്ഥയിലേക്ക് എത്തും.
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മൂന്നു പ്രാവശ്യം എംഎൽഎ തുടങ്ങിയ പാർലമെൻററി സ്ഥാനങ്ങൾ അവർ വഹിച്ചു. അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ, മഹിളാ അസോസിയേഷൻ തുടങ്ങിയവയുടെ തലപ്പത്ത് എത്തി. സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി മെമ്പറായി.
താങ്കൾക്ക് ഇപ്പോൾ 67 വയസ്സ് കഴിഞ്ഞിരിക്കുകയാണ്. 20- 25 വയസ്സിൽ താങ്കൾ എസ്എഫ്ഐയെ കേട്ടിരിക്കുമല്ലോ. കൊല്ലം എസ് എൻ കോളേജിലെ എസ്എഫ്ഐ നേതാവ് രക്തസാക്ഷി ശ്രീകുമാർ, മറ്റു രക്തസാക്ഷികളായ അജയ് പ്രസാദ്, ശ്രീരാജ്, സുനിൽകുമാർ, കൊട്ടാരക്കരയിലെ താങ്കളുടെ വീട്ടിന്റെ അടുത്തുള്ള തങ്ങൾകുഞ്ഞ്, കൊച്ചുകുട്ടൻ എന്നീ സഖാക്കളുടെ പേര് ഓർക്കുമല്ലോ. മകൻറെ മുന്നിൽവച്ച് നോമ്പിന്റെ ഘട്ടത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ട പാർട്ടി ഏരിയ കമ്മിറ്റി അംഗം അഷ്റഫിനെ ഓർക്കാതിരിക്കില്ല. സഖാവ് സുനിൽകുമാറിന്റെ കൈവെട്ടി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിത്തൂക്കിയ ഭീകരരംഗവും ഓർക്കാതിരിക്കില്ല. കൊല്ലം ജില്ലയിൽ മാത്രം 26 പേരാണ് ഇടതുപക്ഷ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു എന്നതിന്റെ പേരിൽ രക്തസാക്ഷികളായതെന്ന് ഓർക്കുക. ആർഎസ്എസ്, കോൺഗ്രസ്, എൻഡിഎഫ് എന്നിവർ പ്രതികളായ ഈ സംഭവങ്ങൾ താങ്കളുടെ മനസ്സിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകുമോ? ഇവരാരും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റോ എംഎൽഎയോ ആകാൻ ഈ പാർട്ടിയിൽ വന്നവരല്ല. അവരുടെ ഹൃദയരക്തം കൊണ്ട് ചുവപ്പിച്ച മണ്ണിലാണ് ഐഷാ പോറ്റി എന്ന പൊതുപ്രവർത്തക കേരള രാഷ്ട്രീയത്തിൽ അറിയപ്പെട്ടത്. അല്ലാതെ അഡ്വക്കേറ്റ് എന്ന നിലയിലല്ല. താങ്കളുടെ മനസ്സ് കോൺഗ്രസിന് ഇണങ്ങിയതാണോ? സിപിഐഎം തന്നതിനേക്കാൾ വലിയ സ്ഥാനവും സാമൂഹിക അംഗീകാരവും കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടോ? അങ്ങനെ പ്രതീക്ഷിച്ച് മറുകണ്ടം ചാടിയവരുടെ ഇപ്പോഴത്തെ മാനസികാവസ്ഥ അറിയുമോ? തെറ്റ് തിരുത്തുന്നതിൽ മികച്ച മാതൃക നമുക്ക് മുന്നിലുണ്ട്. ഒറ്റപ്പാലം എം പി ആയിരുന്ന എസ് ശിവരാമൻ ഒരു വേള കോൺഗ്രസിലേക്ക് പോയെങ്കിലും വളരെ വൈകാതെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് തിരിച്ചെത്തി.
താങ്കൾ എംഎൽഎ ആയിരുന്ന 15 വർഷക്കാലം ഞാനും അസംബ്ലിയിൽ ഉണ്ടായിരുന്നു; മന്ത്രിയായും എംഎൽഎയായും. മനോഹരമായ ശബ്ദത്തോടുകൂടിയുള്ള താങ്കളുടെ പ്രസംഗങ്ങൾ ഇന്നും ഞാൻ ഓർക്കുന്നു. സാംസ്കാരിക മഹിമയും അന്തസ്സും കാത്തുസൂക്ഷിച്ച പെരുമാറ്റം മാതൃകാപരമായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഈ അടിസ്ഥാന ഗുണങ്ങളൊക്കെ എങ്ങനെ ഇല്ലാതാക്കാൻ കഴിയും? പാർലമെൻററി ജീവിതത്തിൽ ഇനിയുള്ള സ്വപ്നം മന്ത്രിസ്ഥാനം ആണല്ലോ. അത് സാധിക്കാത്തതിന് ഇത്ര വലിയ ചതി ആവശ്യമായിരുന്നോ? താങ്കളുടെ വീട്ടിനടുത്തുള്ള കോൺഗ്രസുകാർ വെട്ടിക്കൊലപ്പെടുത്തിയ രക്തസാക്ഷി സഖാവ് തങ്ങൾകുഞ്ഞിനെ ഓർക്കുമ്പോൾ ഐഷ പോറ്റിയുടെ കൈ വിറയ്ക്കും. ശാന്തമായി ഉറങ്ങാൻ കഴിയില്ല. ഈ മാനസിക വിഭ്രാന്തി കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്ന സ്ഥാനങ്ങൾ കൊണ്ട് നികത്താൻ കഴിയില്ല. ശ്രീമതി ഐഷാ പോറ്റിയുടെ ഏറ്റവും വലിയ ദൗർബല്യം അടിസ്ഥാനപരമായ പ്രത്യയശാസ്ത്ര അവബോധത്തിന്റെ അറിവ് പകരുന്നതിൽ വരുത്തിയ വീഴ്ചയാണ്.
ശ്രീമതി ഐഷാ പോറ്റിയുടെ രാഷ്ട്രീയ ആത്മഹത്യാ ദിനത്തിൽ ഞാനൊരു മരണവീട്ടിൽ പോയിരുന്നു - നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൻ്റെ ഉടമയും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ചാൻസലറുമായ ഡോ. എ പി മജീദ് ഖാന് അന്ത്യാഞ്ജലി അർപ്പിക്കാൻ. അവിടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ ഉണ്ടായിരുന്നു. സ്വന്തം മതത്തോട് കൂറു പുലർത്തി പ്രതിബദ്ധതയോടു കൂടി നാടിനെ സ്നേഹിച്ച, എല്ലാവരുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ ഡോ. മജീദ്ഖാന്റെ ഓർമ്മ ഇതോടൊപ്പം ചേർത്തു വായിക്കുന്നത് ഒരു കാര്യം ഓർമപ്പെടുത്താനാണ്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഡോ. മജീദ് ഖാൻ വീട്ടുകാരോട് പറഞ്ഞു, "എനിക്ക് മഴ പെയ്യുന്നത് കാണണം, തണുത്ത കാറ്റ് അനുഭവിക്കണം". ആഗ്രഹിച്ചതുപോലെ മഴപെയ്തു. കൺകുളിർക്കെ കണ്ടു. ചെറിയ തണുത്ത കാറ്റിന്റെ സുഖം അനുഭവിച്ച് കണ്ണടച്ചു- സംതൃപ്തിയോടെ, സന്തോഷത്തോടെ. മരിക്കുമ്പോൾ ഏതൊരു കമ്മ്യൂണിസ്റ്റുകാരനും നല്ലൊരു നാളെ സ്വപ്നങ്ങൾ കണ്ടായിരിക്കും കണ്ണടയ്ക്കുന്നത്. രക്തസാക്ഷികളുടെ മായാത്ത മുഖമായിരിക്കും, ചുവന്ന കൊടിയുടെ അലയടിയായിരിക്കും മുന്നിലുണ്ടാവുക. തനിക്കും തന്റെ പ്രസ്ഥാനത്തിനും വേണ്ടി ജീവൻ കൊടുത്ത രക്തസാക്ഷികളുടെ മായാത്ത ഓർമ്മയായിരിക്കും. ആ ഓർമ്മയിൽ അവസാനത്തെ ശ്വാസം നിലയ്ക്കും. മാക്സിം ഗോർക്കിയുടെ 'അമ്മ'യെ ഓർമയുണ്ടല്ലോ, ജീവിച്ചിരിക്കുന്ന സഖാക്കളുടെ മുഖത്താണ് ഞാൻ രക്തസാക്ഷികളുടെ ആത്മാക്കളെ കാണുന്നത്.
അതനുഭവിക്കാൻ ഐഷാ പോറ്റിക്ക് കഴിയില്ല. മോചനത്തിന്റെ പ്രത്യയശാസ്ത്രം അംഗീകരിച്ച തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിലേക്ക് -കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് മറ്റു ബൂർഷ്വാ പാർട്ടികളിൽ നിന്നുള്ളവർ വരുന്നതും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് മറ്റു പാർട്ടികളിലേക്ക് പോകുന്നതും രണ്ടാണ്. ഒന്ന് മാറ്റത്തിന്റെ ശക്തിയാണ്, വിപ്ലവശക്തിയാണ്. മറ്റേത് മാറ്റത്തെ എതിർക്കുന്ന ശക്തിയാണ്, പിന്തിരിപ്പൻ ശക്തിയാണ്. ഈ തിരിച്ചറിവില്ലാത്തതാണ് ശ്രീമതി ഐഷാ പോറ്റിയുടെ ഏറ്റവും വലിയ ദൗർബല്യം. എല്ലാവർക്കും മരണമുണ്ടല്ലോ. മരിക്കുമ്പോൾ കുറ്റബോധം കൊണ്ട് കണ്ണടയാതിരിക്കരുത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Balanaisha pottyCPMLatest NewsCongress
News Summary - AK Balan with a Facebook post against Aishapotti
Next Story