ദിവ്യ എസ്. അയ്യർ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ച, തകർക്കാൻ കഴിയില്ല -എ.കെ. ബാലന്‍
text_fieldsപാലക്കാട്: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയത് വഴി വിവാദത്തിലായ ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർക്ക് പിന്തുണയുമായി മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ. ദിവ്യ എസ്. അയ്യർ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയാണെന്ന് എ.കെ. ബാലന്‍ പറഞ്ഞു.
കെ. മുരളീധരന്‍ അവര്‍ക്കെതിരെ ഉന്നയിച്ചത് മ്ലേച്ഛമായ ഭാഷയാണ്. സഹപ്രവർത്തകന്‍റെ ഭാര്യയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഓർക്കണമായിരുന്നു. കെ. ശബരിനാഥന്‍റെ ഭാര്യയും ജി. കാർത്തികേയന്‍റെ മരുമകളുമാണെന്ന പരിഗണന കാണിച്ചില്ല. ഒരു കാലത്ത് മുരളീധരനും കാർത്തികേയനും കിട്ടിയ അനുഭവമാണ് ശബരിക്കും കിട്ടാൻ പോകുന്നതെന്ന് തോന്നുന്നുവെന്നും എ.കെ. ബാലന്‍ വ്യക്തമാക്കി.
ദിവ്യ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വടക്കൻപാട്ടിലെ ഉണ്ണിയാർച്ചയെയാണ് ഓർക്കുന്നത്. ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയായി ദിവ്യ എസ്. അയ്യർ മാറികഴിഞ്ഞു. അവരെ തകർക്കാൻ കഴിയില്ല. ഔദ്യോഗിക രംഗത്ത് പ്രവർത്തിച്ചവർ മാറുമ്പോൾ സ്വഭാവികമായും ഈ രൂപത്തിലുള്ള അഭിപ്രായങ്ങൾ പറയില്ലേ?.
ഗുലാം നബി ആസാദും പി. രാജീവും പാർലമെന്‍റ് കാലാവധി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അടക്കം കരയുന്ന രൂപത്തിലല്ലേ സംസാരിച്ചത്. പ്രതിഷേധാർഹമായ നടപടിയാണെന്നും കേരളത്തിലെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും എ.കെ. ബാലന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായതിന് പിന്നാലെയാണ് ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാമിൽ രാഗേഷിനെ പുകഴ്ത്തി പോസ്റ്റിട്ടത്. 'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആർ കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' -എന്നതായിരുന്നു ദിവ്യ പങ്കുവെച്ച പോസ്റ്റ്.
ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ അടക്കം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ്. അയ്യർ എന്നാണ് മുരളീധരൻ കുറ്റപ്പെടുത്തിയത്.
എ.കെ.ജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ ദിവ്യയുടെ നടപടിയെ വിമർശിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥർ സർക്കാറിന്‍റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നും എന്നാൽ സർക്കാറിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ്. അയ്യരെന്ന് വിജിൽ മോഹനൻ പറഞ്ഞു.
ചില മനുഷ്യരുടെ നന്മകൾ ലോകത്തോട് വിളിച്ചു പറഞ്ഞതിനാണ് വിമർശനവും കയ്പ്പേറിയ പ്രതികരണം നേരിട്ടതെന്ന് ദിവ്യ എസ്. അയ്യരും പ്രതികരിച്ചു. സ്വന്തം അനുഭവത്തിലും ഉത്തമ ബോധ്യത്തിലുമുള്ള കാര്യങ്ങളാണ് പറഞ്ഞത്. ഈ ലോകം എത്ര വിചിത്രമെന്ന് ചിന്തിച്ചു പോകുന്നുവെന്നും ദിവ്യ വ്യക്തമാക്കി.
അതേസമയം, രാഷ്ട്രീയ പദവിയിലെത്തിയ കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യർക്കെതിരെ റവലൂഷനറി യൂത്ത് ഫ്രണ്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. സർവിസ് ചട്ടലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ല സെക്രട്ടറി ആസാദ് കാശ്മീരിയാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

