സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ വിദേശ തോട്ടം ഭൂമി ഏറ്റെടുക്കാമെന്ന് എ.കെ ബാലൻ
text_fieldsതിരുവനന്തപുരം: സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ വിദേശ തോട്ടം ഭൂമി ഏറ്റെടുക്കാമെന്ന് സി.പി എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. വി.എസ് അച്യുതാനന്ദന് ശേഷം ആദ്യമായിട്ടാണ് സി.പി എം നേതാവ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
1947 നു മുമ്പ് ബ്രിട്ടീഷ് കമ്പനികൾക്കും വ്യക്തികൾക്കും കേരള രാജാക്കന്മാരാണ് പാട്ടത്തിന് ഭൂമി നൽകിയത്. കേരള സർക്കാർ വിദേശ കമ്പനികൾക്ക് ഭൂമി പാട്ടിന് നൽകിയിട്ടില്ല. 1970 ലെ ഭൂപരിഷ്കരണത്തോടുകൂടി കേരളം മറന്നുപോയ വിഷയമാണ് വിദേശ തോട്ടം ഭൂമിയെന്നത്. സ്വദേശികളും വിദേശികളുമായവർ ഇന്ന് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അഞ്ച് ലക്ഷത്തിലധികം ഏക്കർ ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ പുതിയ സംവാദത്തിന് തുടക്കം കുറിക്കുകയാണ് എ.കെ ബാലൻ മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖം.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളായ എൻ.സി ശേഖർ, ഇ.എം.എസ്, കെ.ആർ ഗൗരിയമ്മ, വി.എസ് അച്യുതാനന്ദൻ തുടങ്ങിയ നേതാക്കളുടെ ശബ്ദമാണ് എ.കെ ബാലനിലൂടെ ഉയരുന്നത്. ഇത് വർത്തമാന കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണ്. 1950 കൾ മുതൽ 1970 വരെ ഇതേ ആവശ്യം കെ.ആർ. ഗൗരിയമ്മയും ഇ.എം.എസും നിയമസഭയിൽ ഉന്നയിച്ചിരുന്നു. 1957 ലെ പാർട്ടിയുടെ മാനിഫെസ്റ്റോയിലും പാർട്ടി പരിപാടിയിലും വിദേശ തോട്ടങ്ങളുടെ ദേശസാൽക്കരണം മുഖ്യ മുദ്രാവാക്യം ആയിരുന്നു.
എന്നാൽ, ഇന്ന് സി.പി.എം-സി.പി.ഐ പാർട്ടികളും പിണറായി സർക്കാരും വിദേശ തോട്ടം ഏറ്റെടുക്കണം എന്ന നിലപാടിൽ അല്ല. കേരളത്തിന്റെ ഭൂപരിഷ്കരണം സംബന്ധിച്ച് പഠനം നടത്തിയ ഡോ.ടി.എം തോമസ് ഐസക്കോ മറ്റ് ഇടതുപക്ഷ ബുദ്ധിജീവികളോ ഈ ആവശ്യം ഉന്നയിക്കുന്നില്ല. അത് കാലഹരണപ്പെട്ടൊരു ആവശ്യമായിട്ടാണ് തോമസ് ഐസക്ക് വിലിയിരുത്തുന്നത്. ചില ദലിത് സൈദ്ധാന്തികരുടെയും വിവധ നക്സലൈറ്റ് ഗ്രൂപ്പുകളുടെയും ആവശ്യം എന്ന നിലയിലാണ് ഐസക്ക് ഇക്കാര്യത്തെ വിലയിരുത്തുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019 ഫെബ്രുവരി ആറിന് ഹാരിസൺസ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാൻ സർക്കാർ സ്വീകരിക്കണമെന്ന് വി.എസ് അച്യുതാനന്ദൻ കത്ത് നൽകിയിരുന്നു. അതേ വർഷം ഫെബ്രുവരി നാലിന്ന് കോൺഗ്രസ് വി.എം സുധീരനും കത്ത് നൽകി. സർക്കാരിന്റെ മുന്നിലുള്ള റിപ്പോർട്ടുകളും കത്തുകളും ഒന്നും പിണറായി സർക്കാരിനെ കണ്ണുതുറപ്പിച്ചില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടി 1950കൾ മുതൽ 70 വരെ ഉന്നയിച്ച ആവശ്യമാണ് എ.കെ ബാലൻ ഇപ്പോൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. അത് വെറുതെ ആവശ്യപ്പെടുകയല്ല. കേരളത്തിലെ ഭൂരഹിതരായ ദളിതർക്കും ആദിവാസികൾക്കും പാവപ്പെട്ടവർക്കും വിതരണം ചെയ്യാൻ ഭൂമി വേണം. അതിനാവശ്യമായ ഭൂമി കേരളത്തിലുണ്ട്. അതിനായി 1947 ൽ സർക്കാരന്റെേതായി എത്തേണ്ട നിലവിൽ പലരും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന തോട്ടം ഭൂമി ഏറ്റെടുക്കണമെന്നാണ് ബാലൻ ആവശ്യപ്പെടുന്നത്.
റവന്യൂ വകുപ്പിന്റെയും ലാൻഡ് ബോർഡിന്റെയും കെടുകാര്യസ്ഥതയാണ് ഈ ഭൂമി സർക്കാർ ഉടമസ്ഥതയിൽ എത്തിച്ചേരാഞ്ഞതിന് കാരണം. സർക്കാരിന് നയിക്കുന്ന പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ് എ.കെ ബാലൻ. അതിനാൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് പ്രസക്തിയുണ്ട്. 1970 ലെ ഭൂപരിഷ്കരണ നിയമത്തോടെ തീരശീലയുടെ പിന്നിലേക്ക് കേരളം വലച്ചെറിഞ്ഞ വിഷയമാണിത്. എ.കെ ബാലൻ ഉന്നയിക്കുന്ന കാര്യങ്ങൾ ഗൗരവമുള്ളതാണ്. കേരളത്തിെൻറ ഭാവിക്ക് ആവശ്യമാണ്.
പട്ടികജാതി- വർഗ്ഗ വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് അവർക്ക് ഭൂമി ലഭിക്കേണ്ടതുണ്ട്. ഈ അർഥത്തിൽ എ.കെ ബാലൻ സർക്കാരിനും പാർട്ടിക്കും മുന്നിൽ വെക്കുന്ന പുതിയൊരു നിർദേശമാണ് വിദേശ തോട്ടം ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുക എന്നത്. പാർട്ടിയിലെ പല നേതാക്കളും തുറന്നു പറയാൻ വിസമ്മതിക്കുന്ന യാഥാർഥ്യമാണ് എ.കെ ബാലൻ മുന്നോട്ടുവെക്കുന്നത്. അദ്ദേഹത്തിെൻറ വാക്കുകൾക്ക് ചരിത്രപരവും സാമൂഹുകവുമായ പ്രാധാന്യമുണ്ട്. പിണറായി സർക്കാരിനെ ഇച്ഛാശക്തിയുണ്ടെങ്കിൽ ഭൂമി ഏറ്റെടുക്കാം എന്ന വസ്തുതകൾ നിരത്തിയുള്ള എ.കെ ബാലന്റെ (മാധ്യമം ആഴ്ച്പ്പതിപ്പ് )അഭിമുഖം തിങ്കളാഴ്ച വിപണിയലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

