എൽ.ഡി.എഫ് തരംഗം അസ്തമിച്ചു; ഇടതുപക്ഷത്തെ സ്നേഹിക്കുന്ന വലിയ വിഭാഗം തുടർഭരണത്തെ എതിർക്കുന്നു, അവർ യു.ഡി.എഫിന് വോട്ട് ചെയ്യും -എ.കെ. ആന്റണി
text_fieldsഎ.കെ. ആന്റണി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി. തിരുവനന്തപുരം മണ്ഡലത്തിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ ഇതുവരെ കണ്ട സൂചനകൾ വ്യക്തമാക്കുന്നതാണ് ഇന്നത്തെ പോളിങ്ങെന്നും അദ്ദേഹം പറഞ്ഞു.
'തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടമായ ഭരണവിരുദ്ധ വികാരം നിയമസഭ തെരഞ്ഞെടുപ്പിലും തുടരുന്നുണ്ട്. ആ വികാരണം ജനരോഷമായി ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പത്ത് വർഷത്തെ ജനദ്രോഹ നടപടികൾക്ക് കണക്ക് ചോദിക്കുന്ന ഒരു തെരഞ്ഞെടുപ്പാണിത്' -എ.കെ. ആന്റണി പറഞ്ഞു.
കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ എതിർത്ത എസ്.എഫ്.ഐ സ്ഥാപക പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തുടർ ഭരണത്തിനെതിരായി ഇത്തവണ യു.ഡി.എഫിന് കൈ കൊടുക്കുകയാണ്. ഇടതുപക്ഷത്തെ സ്നേഹിക്കുന്ന വലിയ വിഭാഗം ജനങ്ങൾ തുടർഭരണത്തെ എതിർക്കുകയാണ്. തുടർഭരണം വന്നാൽ ബംഗാളിലെ അവസ്ഥയാകും കേരളത്തിൽ എന്ന് കരുതുന്ന ആ വിഭാഗം യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ ബി.ജെ.പി പ്രധാനപ്പെട്ട ധ്രുവമാകുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിലും ബി.ജെ.പി നമ്പർ വൺ പാർട്ടിയാകും. കേരളത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് വോട്ടിന് നോട്ട് വിവാദം തെരഞ്ഞെടുപ്പ് സമയത്തുള്ള രാഷ്ട്രീയ കളികളാണെന്നും ജനങ്ങൾ മാറ്റത്തിനുവേണ്ടി വോട്ട് ചെയ്യണമെന്ന് അനിൽ ആന്റണി ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ജില്ലകളിലും എൻ.ഡി.എക്ക് ശക്തരായ സ്ഥാനാർഥികളുണ്ട്. എല്ലാ സ്ഥാനാത്ഥികളും വിജയിക്കും. ബി.ജെ.പി കേരളത്തിലും സർക്കാർ ഉണ്ടാക്കുമെന്ന് അനിൽ ആന്റണി അവകാശപ്പെട്ടു. പാലക്കാട് ശോഭ സുരേന്ദ്രൻ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

