കസേരയില്ലാതെ അജിത്കുമാർ
text_fieldsതിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എ വെളിപ്പെടുത്തിയ ആരോപണങ്ങൾക്കൊടുവിൽ ത്രിതല അന്വേഷണവും സ്ഥാനചലനവുമടക്കമുള്ള നടപടി നേരിട്ട എ.ഡി.ജി.പി എം.ആർ. അജിത്കുമാർ വീണ്ടും ത്രിശങ്കുവിൽ. അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ കഴിഞ്ഞദിവസം സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ മടക്കിയതിന് പിന്നാലെ, അജിത്കുമാർ വഹിച്ചിരുന്ന ബറ്റാലിയൻ ചുമതലയിൽ പകരക്കാരനെ നിയമിച്ചതും തിരിച്ചടിയായി. ബി.ജെ.പി ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ഡി.ജി.പി അന്വേഷണം പുരോഗമിക്കുന്നുമുണ്ട്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായിരുന്നപ്പോൾ അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അവഗണിച്ച് സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാറിന്. എന്നാൽ, പാർട്ടി സമ്മേളനങ്ങളിൽ ബ്രാഞ്ച് തലം മുതൽ ആഭ്യന്തര വകുപ്പിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ സംസ്ഥാന സമ്മേളനത്തിൽ ആവർത്തിക്കാതിരിക്കാനാണ് നിലപാട് മാറ്റമെന്നാണ് സൂചന. അജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെയും മുന്നണിയിലും പാർട്ടിയിലും മുറുമുറുപ്പ് ഉയർന്നിരുന്നു. അജിത്തിനെതിരായ ത്രിതല അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ സേനക്ക് പുറത്തേക്ക് മാറ്റണമെന്നും സാക്ഷികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ആവശ്യം അവഗണിച്ചാണ് സർക്കാർ ബറ്റാലിയൻ ചുമതല മാത്രം നൽകി നടപടി മയപ്പെടുത്തിയത്.
ഇതിനിടെയാണ് മൂന്ന് തവണകളിലായി 23 ദിവസത്തെ അവധിയിൽ പ്രവേശിച്ച അജിത് കുമാറിന് പകരം ബറ്റാലിയൻ എ.ഡി.ജി.പി സ്ഥാനത്തേക്ക് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ നിയമിച്ചത്. ഈമാസം 18 വരെയാണ് അജിത്തിന്റെ അവധിയെങ്കിലും ശ്രീജിത്തിന് നൽകിയ അധിക ചുമതല എത്ര കാലത്തേക്കാണെന്ന് വ്യക്തമാക്കാതെയാണ് ഉത്തരവ്. അവധി കഴിഞ്ഞെത്തുന്ന അജിത്തിന് ചുമതലയെടുക്കാനാകാതെ വരുമോയെന്ന സംശയവും സേനക്കുള്ളിൽ ചർച്ചയാണ്.
ഇതിനിടെ, അജിത്തിന്റെ സാമ്പത്തികസ്രോതസ്സുകൾ വിശദമായി പരിശോധിച്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത പ്രത്യേക അന്വേഷണസംഘത്തോട് നിർദേശിച്ചു. കഴിഞ്ഞദിവസം വിജിലൻസ് അന്വേഷണസംഘം നൽകിയ റിപ്പോർട്ടിൽ വരുമാനസ്രോതസ്സ് വ്യക്തമാക്കാത്ത സാഹചര്യത്തിലാണിത്. വ്യക്തത വരുത്തിയ റിപ്പോർട്ടുമായി ഒരാഴ്ചക്കകം നേരിട്ടെത്താനാണ് വിജിലൻസ് പ്രത്യേക അന്വേഷണ വിഭാഗം- ഒന്ന് ഡിവൈ.എസ്.പി ബിജു പാപ്പച്ചന് നൽകിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

