പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ അജിത് കുമാറും; വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു
text_fieldsഎ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ 59 പൊലീസ് സ്റ്റേഷനുകൾ ദത്തെടുത്തു. എന്നാൽ വിവാദമായപ്പോൾ മണിക്കൂറുകൾക്കകം ഉത്തരവ് പിൻവലിച്ചു.
ആലപ്പുഴയിലെ രക്ഷാപ്രവർത്തനക്കേസിൽ സസ്‌പെന്‍ഷനിലുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ ഇതിൽ ഉള്‍പ്പെട്ടതോടെയാണ് പട്ടിക വിവാദമായത്. പത്ത് വർഷത്തിലധികം സർവിസുള്ള ജില്ല പൊലീസ് മേധാവിയായോ അതിന് മുകളിലുള്ള റാങ്കിലോ പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനുകൾ വീതം ദത്തെടുത്തത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖർ കഴിഞ്ഞദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയുടെ ‘വികസിത് ഭാരത് - 2047’ന്‍റെ ഭാഗമായി മാതൃക പൊലീസ് സ്റ്റേഷനുകൾ വാർത്തെടുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു നടപടി.
ഈ ഉത്തരവിലാണ് സസ്‌പെന്‍ഷന്‍ നടപടി നേരിടുന്ന എം.ആര്‍. അജിത് കുമാറിന് വര്‍ക്കല സ്റ്റേഷന്‍റെ ദത്തെടുക്കൽ ചുമതല നല്‍കിയത്. മാസങ്ങള്‍ക്കകം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥരും പട്ടികയില്‍ ഉൾപ്പെട്ടത് പാകപ്പിഴവായി ചൂണ്ടിക്കാട്ടപ്പെട്ടു. പിന്നാലെ പട്ടിക വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് സര്‍ക്കാര്‍ ഇത് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. അജിത് കുമാറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിൽ ആഭ്യന്തരമന്ത്രിക്കടക്കം വലിയ അതൃപ്തി ഉണ്ടായിരുന്നു എന്നാണ് വിവരം.
യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ആഗസ്റ്റ് 15 മുതൽ സംസ്ഥാനത്ത് നടപ്പാക്കിയ ‘മൈ പൊലീസ് സ്റ്റേഷൻ പ്രോജക്ട്’ പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയനെ നിയോഗിച്ചിട്ടുണ്ട്. അതിന് പുറമെയാണ് തെരഞ്ഞെടുത്ത പൊലീസ് സ്റ്റേഷനുകൾ ഉന്നത ഉദ്യോഗസ്ഥർ ദത്തെടുത്തിട്ടുള്ളതും. ദത്തെടുത്ത സ്റ്റേഷനുകളിലെ പുരോഗതി ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണം. പദ്ധതിയുടെ പുരോഗതി വിലയിരുത്തി ആവശ്യപ്പെടുന്ന സമയത്ത് കൃത്യമായ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ദത്തെടുക്കുന്ന പൊലീസ് സ്റ്റേഷനുകളിൽ ക്രമസമാധാന പാലനവും മറ്റ് സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം നൽകിയ ശിപാർശകളിൽ അഞ്ച് ശതമാനമെങ്കിലും നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു. ഡി.ജി.പി റാങ്കിലുള്ള യോഗേഷ് ഗുപ്ത തിരുവനന്തപുരം നഗരത്തിലെ തമ്പാനൂർ പൊലീസ് സ്റ്റേഷനും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനും ദത്തെടുത്തു. ഡി.ജി.പി സുരേഷ്രാജ് പുരോഹിത് കിളിമാനൂർ സ്റ്റേഷനും ജയിൽ ഡി.ജി.പി എസ്. ശ്രീജിത്ത് തുമ്പ സ്റ്റേഷനും ദത്തെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

