‘സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി’ പോസ്റ്റുമായി അജയ് തറയിൽ
text_fieldsതിരുവനന്തപുരം: നേതൃത്വത്തിന്റെയും ഘടകകക്ഷികളുടെയുമെല്ലാം മുന്നറിയിപ്പുകളും നീരസവും അവഗണിച്ച് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചർച്ച തുടരുന്നു. ഈ വിഷയത്തിൽ വെടിനിർത്തലായി എന്ന് തോന്നിച്ചിരുന്ന സന്ദർഭത്തിൽ ചർച്ചക്ക് വീണ്ടും തിരികൊളുത്തിയത് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. കെ.സി. വേണുഗോപാൽ പക്ഷത്തെ പ്രമുഖരിലൊരാളായ അജയ് തറയിലിന്റെ പോസ്റ്റ് പരോക്ഷമായി പല നേതാക്കളെയും ഉന്നം വെക്കുന്നതുമാണ്.
‘എന്റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി’ എന്ന തലക്കെട്ടോടെയാണ് അജയ് തറയില്‍ പോസ്റ്റിട്ടത്. വിദ്യാർഥി -യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്നയാൾ ആകണം അടുത്ത മുഖ്യമന്ത്രി. ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നവനും ഒരിറ്റ് വെള്ളമെങ്കിലും ജലപീരങ്കിയിൽ നിന്ന് ശരീരത്തിൽ പതിച്ചവനുമാകണം മുഖ്യമന്ത്രിയെന്ന് അജയ് തറയിൽ ഫേസ്ബുക്കില്‍ കുറിച്ചു. താഴെത്തട്ടിലുള്ള പ്രവർത്തകരെ മാന്യമായി പരിഗണിക്കുന്നവനാകണം മുഖ്യമന്ത്രി. നിലപാടുകളിൽ സ്ഥിരതയുള്ളവൻ ആകണമെന്നും അജയ് തറയിൽ പറയുന്നു. സോഷ്യൽ മീഡിയയിലെ ശബ്ദമല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് സംസാരിക്കുന്നവനും ആയിരിക്കണം. ഇത്തരം ഒരു കോൺഗ്രസ് മുഖ്യമന്ത്രിയാണ് തന്റെ സ്വപ്നമെന്ന് അജയ് തറയിൽ വ്യക്തമാക്കുന്നു.
എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയുള്ള അവകാശവാദങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശക്തമാകുന്നത്. നേതാക്കളെ പിന്തുണച്ച് സ്ഥാനാർഥികളും എം.പിമാരുമുൾപ്പെടെ രംഗത്തെത്തിയതോടെ യു.ഡി.എഫിലും ഇത് പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

