Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധിക്കാലം മുതലെടുത്ത് വിമാനക്കമ്പനികൾ; ആഭ്യന്തര നിരക്ക് മൂന്നിരട്ടിയിലേറെ വർധിപ്പിച്ച് ആകാശക്കൊള്ള

text_fields
bookmark_border
അവധിക്കാലം മുതലെടുത്ത് വിമാനക്കമ്പനികൾ; ആഭ്യന്തര നിരക്ക് മൂന്നിരട്ടിയിലേറെ വർധിപ്പിച്ച് ആകാശക്കൊള്ള
cancel

പഴയങ്ങാടി: ഓണാവധിക്കാലം മുതലെടുത്ത് ആഭ്യന്തര വിമാനയാത്ര നിരക്ക് മൂന്നിരട്ടിയിലേറെ വർധിപ്പിച്ച് വിമാന കമ്പനികളുടെ ആകാശക്കൊളള. ബംഗളൂരുവിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടാണ് വിമാനക്കമ്പനിയുടെ ഇരുട്ടടി.

3000 മുതൽ 4000 രൂപ വരെയായിരുന്നു നേരത്തെ കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും ബംഗളൂരു വിമാനത്താവളത്തിലേക്ക് ഈടാക്കിയിരുന്നത്. എന്നാൽ, 29, 30 തിയതികളിൽ 14900 രൂപയാണ് ഏക യാത്രക്ക് ഇന്റിഗോ വിമാനക്കമ്പനി കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് ഈടാക്കുന്നത്. സെപ്റ്റംബർ ആദ്യ വാരത്തിലെ എല്ലാ ദിവസവും കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്യണമെങ്കിൽ 10300 രൂപ ചെലവിടണം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് 9000 രൂപ മുതൽ 10,000 രൂപ വരെയാണ് ഈ ദിനങ്ങളിലെ യാത്ര നിരക്ക്. കണ്ണൂരിൽ നിന്ന് ഹൈദരബാദിലേക്ക് പറക്കണമെങ്കിൽ ഇന്റിഗോ ഫ്ലൈറ്റിന് ഒരു യാത്രക്കാരൻ 14000 രൂപ നൽകണം.

തിരുവോണ അവധിക്ക് നാട്ടിലെത്തിയ മലയാളികളായ വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, ചെറുകിട വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങിയ ബംഗളൂരുവിലെ മലബാർ മേഖലയിലെ യാത്രക്കാർക്കാണ് നിരക്ക് വർധനവ് ഇരുട്ടടിയായത്. തിരുവോണത്തിന് നാട്ടിലെത്താനും ഭീമമായ തുക നൽകേണ്ടി വന്ന യാത്രക്കാരാണ് തിരിച്ചും വൻ തുക നൽകി യാത്ര ചെയ്യേണ്ട അവസ്ഥയിലായത്.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസടക്കമുള്ള വിമാനക്കമ്പനികൾ യാത്രനിരക്ക് ആറും ഏഴും ഇരട്ടി വർധിപ്പിച്ചതിനാൽ, താരതമ്യേന കുറഞ്ഞ നിരക്കിൽ വിദേശ വിമാനകമ്പനികളുടെ ഫ്ലൈറ്റിൽ ബംഗളൂരുവിലെത്തുന്ന യാത്രക്കാർ കണ്ണൂരിലേക്കും കോഴിക്കോടേക്കും ആഭ്യന്തര വിമാനങ്ങളെ ആശ്രയിക്കുന്ന അവസരവും മുതലെടുത്താണ് വിമാനക്കമ്പനികളുടെ ആഭ്യന്തര കൊള്ള.

15 കിലോ ലഗേജാണ് ആഭ്യന്തര യാത്രക്ക് വിമാനക്കമ്പനി യാത്ര നിരക്കിന്റെ കൂടെ ഒരു യാത്രക്കാരന് അനുവദിക്കുന്നത്. അധിക ഭാരത്തിന് നേരത്തെ എട്ടു കി. ഗ്രാം വരെ 1600, 15 കി. ഗ്രാം വരെ 3000, 30 കി. ഗ്രാം വരെ 6000 രൂപ എന്നിങ്ങനെയാണ് ഈടാക്കിയിരുന്നതെങ്കിൽ ഈ രീതി നിർത്തലാക്കി ഓരോ കി.ഗ്രാം അധിക ഭാരത്തിനും 500 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്.

ഏറ്റവും കുറഞ്ഞത് 30 കി. ഗ്രാം ഭാരം യാത്ര ടിക്കറ്റിന്റെ സൗജന്യത്തിൽ വിദേശ വിമാനക്കമ്പനികളുടെ വിമാനത്തിലിറങിയ യാത്രക്കാരനിൽ നിന്ന് ലഗേജ് ഇനത്തിലും വൻ തുകയാണ് ചൂഷണം ചെയ്യുന്നത്.

ഒരു സൗകര്യവുമില്ലാത്ത രീതിയിൽ കുറഞ്ഞ ദൂരത്തിൽ കുറഞ്ഞ ചെലവിൽ പറക്കുന്നതിനായി മാത്രം സജ്ജീകരിച്ച, നേരത്തെ 1800 മുതൽ 2600 രൂപ വരെ നിരക്കിൽ കണ്ണൂരിൽ നിന്നും ബംഗളൂരുവിലേക്കും തിരിച്ചും ഉഠാൻ സർവിസിനുപയോഗിച്ച വിമാനങ്ങളാണ് ഇന്നും വൻ തുക ഈടാക്കി ഈ മേഖലയിൽ സർവിസ് നടത്തുന്നത്.

ഒരു വരിയിൽ രണ്ടു വീതം സീറ്റുകൾ മാത്രം ക്രമീകരിച്ച് 80 പേർക്ക് യാത്ര ചെയ്യാവുന്ന ടർബോ പ്രോപ് എൻജിൻ ഉപയോഗിച്ചുള്ള എ.ടി.ആർ 72 വിമാനങ്ങളുപയോഗിച്ചാണ് കേരളത്തിൽ നിന്ന് ഗൾഫ് റൂട്ടിലേക്കുള്ള ഈടാക്കുന്നത്ര തുക ഈടാക്കി സ്വകാര്യ വിമാന കമ്പനികളുടെ ആകാശ കൊള്ള.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Airlines take advantage of the holiday
Next Story