ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാന കമ്പനികള്‍
text_fieldsമട്ടന്നൂര്‍: അവധി കഴിഞ്ഞു മടങ്ങുന്ന പ്രവാസികളെ പതിവുപോലെ പിഴിയാന്‍ വിമാനക്കമ്പനികള്‍. യാത്രാനിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് വിവിധ വിമാനക്കമ്പനികള്‍. ആഗസ്റ്റ് 15നുശേഷം ടിക്കറ്റ് നിരക്കില്‍ മൂന്നു മുതല്‍ നാലിരട്ടി വരെ വര്‍ധനയാണ് വരുത്തിയത്. സാധാരണ 12,000 മുതല്‍ 15,000 രൂപക്ക് ലഭ്യമാകുന്ന ടിക്കറ്റുകള്‍ക്ക് ഒറ്റയടിക്ക് 50,000 രൂപക്ക് മുകളിലായി. ഓണക്കാലം കഴിയുന്നതുവരെ ഇതേ നിരക്ക് തുടര്‍ന്നേക്കും.
ആഗസ്റ്റ് 25നുശേഷം കണ്ണൂരില്‍നിന്ന് ദോഹയിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന് 35,000 മുതല്‍ 50,000 രൂപ വരെയായി. സാധാരണ 15,000 രൂപ വരെയാണ് നിരക്ക്. ഇന്‍ഡിഗോക്ക് ദോഹയിലേക്ക് 32,000 രൂപയാണ് ആഗസ്റ്റ് 25ന്റെ നിരക്ക്.
എയര്‍ഇന്ത്യ എക്സ്പ്രസിന് ബഹ്‌റൈനിലേക്ക് ആഗസ്റ്റ് 27ന് 54,145 രൂപയാണ് നിരക്ക്. 15,000 മുതല്‍ 17,000 രൂപ വരെയാണ് സാധാരണ നിരക്ക്. 25,000 മുതല്‍ 28,000 രൂപ വരെ ടിക്കറ്റ് നിരക്ക് വരാറുള്ള ജിദ്ദയിലേക്ക് ആഗസ്റ്റ് 28ന്റെ ടിക്കറ്റിന് 48,000 രൂപ നല്‍കണം. റിയാദിലേക്ക് 25നുള്ള ടിക്കറ്റ് നിരക്ക് 38,846 രൂപയാണ്. സാധാരണ 16,000 രൂപ വരെയാണ് ഈടാക്കാറുള്ളത്.
ഓണം സീസണ്‍ കണക്കിലെടുത്ത് സെപ്റ്റംബറില്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ ഉയരും. ക്രിസ്മസ്, പുതുവര്‍ഷ സീസണുകളിലും ഉയര്‍ന്ന യാത്രാനിരക്ക് ഈടാക്കും. പ്രവാസി യാത്രക്കാരോടുള്ള കമ്പനികളുടെ ചൂഷണത്തെക്കുറിച്ച് പലതവണ സംസ്ഥാന സര്‍ക്കാറും എം.പിമാരും കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയതാണ്.
എന്നാല്‍, ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള കമ്പനികളുടെ അധികാരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് മറുപടി. ആവശ്യം കൂടുന്നതിനനുസരിച്ച് ടിക്കറ്റിന്റെ വില കൂടുന്ന രീതിയാണ് (ഡൈനാമിക് പ്രൈസിങ്) നിലവിലുള്ളതെന്നും നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നുമാണ് കേന്ദ്ര മന്ത്രിമാര്‍ വിശദീകരിക്കുന്നത്. എന്നാല്‍, മാസങ്ങള്‍ക്കുമുമ്പ് ബുക്ക് ചെയ്താലും ഇരട്ടിയിലേറെ തുക നല്‍കേണ്ടിവരുന്നതായി യാത്രക്കാര്‍ പറയുന്നു.
കണ്ണൂരില്‍ സർവിസുകളുടെ എണ്ണം കുറവായതും നിരക്ക് ഉയര്‍ന്നുനില്‍ക്കാന്‍ കാരണമാണ്. അബൂദബി, ദോഹ സെക്ടറുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റിടങ്ങളിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസിനു മാത്രമാണ് സർവിസുള്ളത്. ഇതില്‍ ബഹ്റൈന്‍, ജിദ്ദ, കുവൈത്ത്, റിയാദ്, ദമ്മാം, റാസല്‍ഖൈമ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

