ശംഖുംമുഖം: എയര്‍ഇന്ത്യ സാറ്റ്സ് കരാര്‍ തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.
കോവിഡ് കാലത്ത് സ്വന്തം സുരക്ഷ മറന്ന് വിദേശത്തുനിന്ന് പ്രവാസികളെത്തുന്ന വിമാനങ്ങളുടെ ഗ്രൗണ്ട് ഹാൻഡ്ലിങ് ഉൾപ്പെടെ ജോലികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ചെയ്തിരുന്ന തൊള്ളായിരത്തോളം തൊഴിലാളികളെയാണ് കരാറെടുത്തിരിക്കുന്ന എയര്‍ഇന്ത്യ സാറ്റ്സ് കമ്പനി പിരിച്ചുവിടുന്നത്.
രണ്ടുമുതല്‍ പത്തുവര്‍ഷത്തോളം സര്വിസിലുള്ളവരെയാണ് ഇത്തരത്തിൽ പിരിച്ചുവിടുന്നത്. കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കാരണമാണ് പിരിച്ചുവിടലെന്നാന്ന് വിശദീകരണം.
എന്നാല്‍, സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ എല്ലാ യൂനിയനുകളും വേണ്ട സഹായം നല്‍കാമെന്നും തൊഴിലാളികളെ പിരിച്ചുവിടാതെ ഡ്യൂട്ടി ക്രമീകരിച്ച് സാമ്പത്തികനഷ്ടം നികത്താന്‍ യൂനിയനുകള്‍ തയാറാെണന്നും ഉറപ്പുനല്‍കിയെങ്കിലും മാനേജ്മെൻറ് ഇതിന് തയാറാകുന്നില്ലത്രെ.
കേന്ദ്ര, സംസ്ഥാന തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടിക്കെതിരെ തിങ്കളാഴ്ചമുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന എമിറേറ്റ്സ്, ഖത്തര്‍, കുവൈത്ത്, എയര്‍അറേബ്യ, ഗള്‍ഫ് എയര്‍, എയര്‍ലങ്ക, സ്പൈസ് ജെറ്റ്, മാലി, സിംഗപ്പൂര്‍, മലേഷ്യന്‍, എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് എന്നീ എയര്‍ലൈന്‍സുകളുടെ ഗ്രൗണ്ട് ഹാൻഡ്ലിങ്, കസ്റ്റമര്‍ സർവിസ്, റാമ്പ്, കാര്‍ഗോ, ക്ലീനിങ് ഉൾപ്പെടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കരാറെടുത്തിരിക്കുന്നത് എയര്‍ഇന്ത്യയും സിംഗപ്പൂര്‍ ആസ്ഥാനമാക്കിയുള്ള സാറ്റസ് എന്ന വിദേശ കമ്പനിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ എയര്‍ഇന്ത്യ സാറ്റ് എന്ന കമ്പനിയാണ്.
ഇവരാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. പഴയ തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയ ആള്‍ക്കാരെ തുക ഈടാക്കി നിയമിക്കാനുള്ള തന്ത്രമാണ് കമ്പനി നടത്തുന്നതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
-എം. റഫീഖ്