ബംഗളൂരുവിൽ എയർ ഇന്ത്യ വിമാനം റൺവേയിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
text_fieldsഫയൽ ഫോട്ടോ
ബംഗളൂരു: ഡൽഹിയിൽനിന്നും ബംഗളൂരുവിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന് ലാൻഡിങിനിടെ റൺവേയിൽ അപകടം. വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ശക്തമായി ഇടിക്കുകയായിരുന്നു. എന്നാൽ, പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി ഇറക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരാണ്. എല്ലാവരെയും വിമാനത്തിൽനിന്നും സാധാരണ രീതിയിൽ തന്നെ പുറത്തിറക്കി.ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ എ.ഐ.2651 എയർബസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതേത്തുടർന്ന് ഈ വിമാനത്തിന്റെ ഡൽഹിയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി.
മടക്കയാത്ര മുടങ്ങിയ യാത്രക്കാർക്കായി എത്രയും പെട്ടെന്ന് തന്നെ പകരം യാത്രാസൗകര്യങ്ങൾ ഒരുക്കിവരികയാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ബംഗളൂരുവിലെ ഗ്രൗണ്ട് സ്റ്റാഫ് യാത്രക്കാർക്കാവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ വക്താവ്, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വ്യോമയാന നിയന്ത്രണ ഏജൻസികളുമായി സഹകരിച്ച് കൃത്യമായ നടപടിക്രമങ്ങളോടെ അന്വേഷണം നടത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

