You are here
എയർ ഇന്ത്യ കോഴിക്കോട്–ഡൽഹി നേരിട്ടുള്ള സർവിസ് നിർത്തുന്നു; ഇനി കണ്ണൂർ വഴി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്കും തിരിച്ചും നേരിട്ടുള്ള എയർഇന്ത്യയുടെ സർവിസുകൾ ഇനിയില്ല. പുതിയ ശീതകാല ഷെഡ്യൂൾ നിലവിൽവരുന്ന ഒക്ടോബർ 28 മുതൽ കണ്ണൂർ വിമാനത്താവളം വഴിയായിരിക്കും ഡൽഹി സർവിസ്.
ഏപ്രിൽ രണ്ടിനാണ് എയർഇന്ത്യ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഡൽഹി സർവിസ് തുടങ്ങിയത്. ജൂണിൽ സർവിസ് പുനഃക്രമീകരിച്ചതോടെയാണ് കരിപ്പൂരിൽനിന്ന് ഡൽഹിയിലേക്കും തിരിച്ചും നേരിട്ട് സർവിസ് ആരംഭിക്കാനായത്. നിലവിലെ ഷെഡ്യൂൾ പ്രകാരം രണ്ടുദിവസം ഡൽഹി-കോഴിക്കോട്-കണ്ണൂർ-ഡൽഹി, മൂന്നുദിവസം ഡൽഹി-കണ്ണൂർ-കോഴിക്കോട്-ഡൽഹി എന്ന ക്രമത്തിലാണ് സർവിസ് നടത്തുന്നത്.
പുതിയ ശീതകാല ഷെഡ്യൂൾ പ്രകാരം രാവിലെ 9.05ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് 12.15ന് കണ്ണൂരിലെത്തും. ഇവിടെനിന്ന് ഒരുമണിക്ക് പുറപ്പെട്ട് 1.30ന് കരിപ്പൂരിലെത്തും. 2.15ന് മടങ്ങി വൈകീട്ട് 2.45ന് കണ്ണൂരിലെത്തുന്ന വിമാനം 3.30ന് പുറപ്പെട്ട് 6.45നാണ് ഡൽഹിയിലെത്തുക.
ഒക്ടോബർ അവസാനം ഉച്ചക്ക് ഒരുമണി മുതൽ വൈകീട്ട് ആറുവരെ കരിപ്പൂരിൽ ടാക്സിവേ നവീകരണത്തിനായി റൺവേ അടക്കുന്നതിനാൽ സമയക്രമത്തിൽ മാറ്റംവരാനിടയുണ്ട്. തിങ്കൾ, ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവിസ്.