റവഡയുടെ വാർത്താസമ്മേളനത്തിലെ സുരക്ഷാവീഴ്ച എ.ഐ.ജി പൂങ്കുഴലി അന്വേഷിക്കും; മുൻ പൊലീസുകാരൻ പ്രവേശിച്ചത് പെൻഷൻ കാർഡ് ഉപയോഗിച്ച്
text_fieldsവാർത്താസമ്മേളനം നടന്ന ഹാളിൽ പ്രവേശിച്ച പരാതിക്കാരൻ റവഡ ചന്ദ്രശേഖറിനോട് സംസാരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറിന്‍റെ ആദ്യ വാർത്താസമ്മേളനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയിൽ കർശന നടപടിയുമായി കേരള പൊലീസ്. വാർത്താസമ്മേളനത്തിനിടെ ഉണ്ടായ നാടകീയ രംഗങ്ങളെ കുറിച്ച് എ.ഐ.ജി പൂങ്കുഴലി അന്വേഷിക്കും. മാധ്യമപ്രവർത്തകൻ എന്ന പേരിൽ വാർത്താസമ്മേളന ഹാളിൽ അനധികൃതമായി പ്രവേശിച്ചതും പരാതിയുമായി പൊലീസ് മേധാവിയുടെ സമീപത്തെത്തുകയും ചെയ്തത് സുരക്ഷാവീഴ്ചയായാണ് കാണുന്നത്.
അതേസമയം, മുൻ പൊലീസ് ഉദ്യോഗസ്ഥൻ പൊലീസ് ആസ്ഥാനത്ത് പ്രവേശിച്ചത് പെൻഷൻ കാർഡ് ഉപയോഗിച്ചെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ഡി.ജി.പിയുടെ മുൻ സുരക്ഷാ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് അകത്ത് പ്രവേശിച്ചത്. മാധ്യമപ്രവർത്തകനെന്ന് പരിചയപ്പെടുത്തിയാണ് വാർത്താസമ്മേളനം നടന്ന ഹാളിനുള്ളിൽ ഇയാൾ എത്തുന്നത്.
കണ്ണൂർ സ്വദേശിയായ വി.പി. ബഷീർ എന്നാണ് പരാതിക്കാരൻ മാധ്യമങ്ങളോട് സ്വയം പരിചയപ്പെടുത്തിയത്. നിലവിൽ ഗൾഫിൽ ഓൺലൈൻ മാധ്യമത്തിലെ മാധ്യമപ്രവർത്തകനാണ്. കണ്ണൂർ ഡി.ഐ.ജി ഓഫിസിൽ എസ്.ഐയായി ബഷീർ സേവനം ചെയ്തിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ 2023ൽ സർവീസിൽ നിന്ന് വിരമിച്ചു.
സംസ്ഥാന പൊലിസ് മേധാവി റവഡ ചന്ദ്രശേഖറിന്‍റെ ആദ്യ വാർത്താസമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ് വാർത്താസമ്മേളനം നടക്കുന്ന ഹാളിനുള്ളിൽ പ്രവേശിച്ച പരാതിക്കാരൻ, ഡി.ജി.പിയുടെ സമീപത്തെത്തി തന്‍റെ പരാതിയിൽ നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
'മുഖ്യമന്ത്രിക്ക് ഞാൻ പരാതി കൊടുത്തിരുന്നു. 30 വർഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിന് മറുപടി തരൂ. 30 കൊല്ലം ഞാൻ അനുഭവിച്ച വേദനയാണ് സാർ' -പരാതിക്കാരൻ പൊലീസ് മേധാവിയോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ട് നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കടലാസുകളുമായി റവഡ ചന്ദ്രശേഖറിനെ സമീപിച്ചത്. പൊലീസ് മേധാവി മാധ്യമങ്ങളെ കാണുമ്പോൾ എ.ഡി.ജി.പിമാരായ എച്ച്. വെങ്കിടേഷും എസ്. ശ്രീജിത്തും ഒപ്പമുണ്ടായിരുന്നു. ഈ സമയത്താണ് പരാതിക്കാരൻ പൊലീസ് മേധാവിയുടെ സമീപത്തെത്തിയത്.
പരാതി പരിശോധിക്കാമെന്ന് റവഡ ചന്ദ്രശേഖർ അറിയിച്ചതിന് പിന്നാലെ പൊലീസുകാർ പരാതിക്കാരനെ അനുനയിപ്പിച്ച് ഹാളിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

