എയ്ഡഡ് ഹൈസ്കൂൾ: 1:40 അനുപാതം ഈ വർഷം കൂടി
text_fieldsrepresentational image
തിരുവനന്തപുരം: എയ്ഡഡ് ഹൈസ്കൂളുകളിൽ ഒമ്പത്, 10 ക്ലാസുകളിൽ തസ്തിക നഷ്ടം വരുന്ന അധ്യാപകരെ സംരക്ഷിക്കാൻ അനുവദിച്ച 1:40 എന്ന അധ്യാപക-വിദ്യാർഥി അനുപാതം ഈ അധ്യയന വർഷം കൂടി തുടരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.ഇളവ് അവസാനിപ്പിക്കാനും 1:45 അനുപാതം പുനഃസ്ഥാപിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. അനുപാതത്തിലെ മാറ്റം വഴി ഒട്ടേറെ പേർക്ക് തസ്തിക നഷ്ടം വരുമെന്ന് പരാതി വന്നതോടെയാണ് ഇളവിന് തീരുമാനിച്ചത്.
വിദ്യാഭ്യാസ അവകാശനിയമ പ്രകാരം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ 1:30, ആറ് മുതൽ എട്ടു വരെ 1:35 എന്നിങ്ങനെയാണ് അധ്യാപക-വിദ്യാർഥി അനുപാതം. ഒമ്പത്, 10 ക്ലാസുകളിൽ 1:45 ആണ് അനുപാതം. ഒമ്പത്, 10 ക്ലാസുകളിലെ തസ്തികകളിൽ ജോലി ചെയ്യുന്നവരെ സംരക്ഷിക്കാൻ വർഷങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന ക്രമീകരണമായിരുന്നു 1:40 എന്ന ഇളവ് അനുപാതം.
സംരക്ഷണമുള്ള അധ്യാപകരുടെ പുനർവിന്യാസത്തിനായി എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിച്ചുണ്ടാകുന്ന അധിക തസ്തികകൾ 1:1 എന്ന അനുപാതത്തിൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.തസ്തിക നഷ്ടപ്പെടുന്ന സംരക്ഷണ ആനുകൂല്യമുള്ള അധ്യാപകരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തുകയും മറ്റ് എയ്ഡഡ് സ്കൂളുകളിലേക്ക് പുനർവിന്യസിക്കുകയും ചെയ്യുന്നതാണ് രീതി.
2014-15 വരെ നിയമിക്കപ്പെട്ട അധ്യാപകർക്കാണ് നിലവിൽ സംരക്ഷണ ആനുകൂല്യം. ഇളവ് നിർത്തലാക്കിയതോടെ 2014ന് ശേഷം നിയമിക്കപ്പെട്ടവർ കുട്ടികൾ കുറഞ്ഞ് തസ്തിക നഷ്ടമായാൽ സർവിസിൽനിന്ന് പുറത്താകുന്ന സാഹചര്യം വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

