എയ്ഡഡ് കോളജുകൾക്ക് കൽപിത സർവകലാശാല പദവി; നിലപാടിലുറച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്
text_fieldsതിരുവനന്തപുരം: എയ്ഡഡ് കോളജുകൾക്ക് സർക്കാർ ശമ്പളം നിലനിർത്തി കൽപിത സർവകലാശാല പദവിക്ക് അനുമതി നൽകേണ്ടതില്ലെന്ന നിലപാടിലുറച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച് ഒരനുമതിയും ഉന്നത വിദ്യാഭ്യാസവകുപ്പ് ഏതെങ്കിലും എയ്ഡഡ് കോളജുകൾക്ക് നൽകിയിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. സംസ്ഥാനത്ത് കൽപിത സർവകലാശാലകൾ വേണ്ടെന്നും സ്വകാര്യ സർവകലാശാലകൾ മതിയെന്നും സർക്കാർ നയപരമായ തീരുമാനമെടുത്ത ശേഷവും രണ്ട് എയ്ഡഡ് കോളജുകൾ സർക്കാർ അനുമതിയില്ലാതെ, കൽപിത സർവകലാശാല പദവിക്കായി ശ്രമം തുടരുന്നത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
നേരത്തെ സ്വകാര്യ സർവകലാശാലകളും കൽപിത സർവകലാശാലകളും സംബന്ധിച്ച് പഠിക്കാൻ സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. സർക്കാർ ശമ്പളം നിലനിർത്തി വ്യവസ്ഥകളോടെ, കൽപിത സർവകലാശാല പദവി നൽകാമെന്ന് സമിതി അംഗങ്ങളായ അന്നത്തെ ചീഫ് സെക്രട്ടറി വി.പി. ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, എം.ജി സർവകലാശാല വി.സിയായിരുന്ന ഡോ. സാബു തോമസ് എന്നിവർ അഭിപ്രായപ്പെട്ടപ്പോൾ സ്വകാര്യ സർവകലാശാല മതിയെന്ന നിലപാടായിരുന്നു ഡോ. ശ്യാം ബി. മേനോൻ മുന്നോട്ടുവെച്ചത്.
സമിതി സമർപ്പിച്ച റിപ്പോർട്ടിലെ അഭിപ്രായങ്ങൾ പരിശോധിച്ച സർക്കാർ കൽപിത സർവകലാശാല വേണ്ടതില്ലെന്നും സ്വകാര്യ സർവകലാശാല മതിയെന്നും തീരുമാനമെടുത്തു. ഇതുപ്രകാരമാണ് സ്വകാര്യ സർവകലാശാല നിയമം നിയമസഭയിൽ കൊണ്ടുവന്ന് പാസാക്കിയതും. ബിൽ ഗവർണറുടെ അംഗീകാരത്തിനയച്ചിരിക്കെയാണ് എയ്ഡഡ് കോളജുകളായ കളമശ്ശേരി രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസിലും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലും കൽപിത സർവകലാശാല പദവിക്കായുള്ള യു.ജി.സി സന്ദർശനം പൂർത്തിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

