സാമ്പത്തിക വെല്ലുവിളികൾക്കിടയിലും എഐസിഎല്ലിന് മുന്നേറ്റം
text_fieldsകോഴിക്കോട്: ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ക്രെഡിറ്റ് ലിമിറ്റഡ് (എ.ഐ.സി.എൽ) 26-ാമത് വാർഷിക പൊതുയോഗം ചെയർമാൻ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക മാന്ദ്യങ്ങളും സ്ഥാപനവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളും ഉൾപ്പെടെയുള്ള വിവിധ വെല്ലുവിളികൾക്കിടയിലും വാർഷിക ലാഭത്തിൽ നേരിയ വർധനവ് കൈവരിക്കാൻ കഴിഞ്ഞത് എ.ഐ.സി.എല്ലിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വലിയ തോതിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടില്ലെങ്കിലും, സ്ഥാപനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ വിജയിക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമാണ്. സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന നിരവധി പുതിയ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ എ.ഐ.സി.എല്ലിന്റെ പ്രവർത്തനങ്ങൾ നാന്ദി കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമപോരാട്ടങ്ങൾക്കിടയിലും ഇത്രയും കാലം സ്ഥാപനത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞത് തന്നെ എ.ഐ.സി.എല്ലിന്റെ വിജയമാണെന്ന് മാനേജിങ് ഡയറക്ടർ ഡോ. പി.സി. അൻവർ അഭിപ്രായപ്പെട്ടു. നിയമപരമായി സാധ്യമായ വഴികളിലൂടെ വിശാലമായ അർത്ഥത്തിൽ തന്നെ എ.ഐ.സി.എൽ പ്രവർത്തിച്ചുവരുന്നതിന് ഓഹരി ഉടമകൾ നൽകിയ അകമഴിഞ്ഞ പിന്തുണയാണ് പ്രധാന കരുത്തെന്ന് ഡയറക്ടർ സലാം മേലാറ്റൂർ പറഞ്ഞു.
ഫിനാൻസ് കൺസൾട്ടന്റ് ഹബീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. ഡോ. പി.സി. അൻവർ അധ്യക്ഷത വഹിച്ചു. സലാം മേലാറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ പി.എം. സാലിഹ് വാർഷിക റിപ്പോർട്ടും ഫിനാൻസ് മാനേജർ ഷുഐബ് എം സാമ്പത്തിക അവലോകനവും അവതരിപ്പിച്ചു. ബിസിനസ് ഡെവലപ്മെൻറ് മാനേജർ കെ. ഷബീൻ, ഡയറക്ടർ ടി.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു. ഡയറക്ടർമാരായ അബ്ദുൽ മജീദ്, മുഹമ്മദ് ഹാരിസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

