വിചാരണ കോടതികളിൽ സാക്ഷിമൊഴി രേഖപ്പെടുത്താൻ ഇനി എ.ഐ
text_fieldsകൊച്ചി: സംസ്ഥാനത്തെ എല്ലാ വിചാരണ കോടതികളിലും ട്രൈബ്യൂണലുകളിലും നവംബർ ഒന്നുമുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നത് എ.ഐ ടൂൾ വഴിയാകും. ‘അദാലത്ത്.എഐ’ എന്ന ടൂൾ മുഖേന വായ്മൊഴികൾ അക്ഷരങ്ങളാക്കി (വോയ്സ് ടു ടെക്സ്റ്റ് ട്രാൻസ്ക്രിപ്ഷൻ) മാറ്റിയാണ് രേഖപ്പെടുത്തുകയെന്ന് വ്യക്തമാക്കി ഹൈകോടതിയിലെ കമ്പ്യൂട്ടറൈസേഷൻ ചുമതലയുള്ള രജിസ്ട്രാർ ഉത്തരവിറക്കി. ജുഡീഷ്യൽ ഓഫിസർ നേരിട്ടോ അധികാരപ്പെടുത്തിയ ജീവനക്കാരൻ മുഖേനയോ സാക്ഷിമൊഴികൾ എഴുതിയോ ടൈപ്പ് ചെയ്തോ രേഖപ്പെടുത്തുന്ന നിലവിലെ രീതിയാണ് മാറുന്നത്.
സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതിലെ കാലതാമസം ഇതോടെ ഒഴിവാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. എറണാകുളം അഡീ. ജില്ല സെഷൻസ് കോടതിയിലടക്കം പരീക്ഷണാർഥം ഉപയോഗിച്ച സംവിധാനമാണ് എല്ലായിടത്തേക്കും വ്യാപിപ്പിക്കുന്നത്.
മൊഴികൾ ജുഡീഷ്യൽ ഓഫിസർ സാക്ഷ്യപ്പെടുത്തിയശേഷം ഡിസ്ട്രിക്ട് കോർട്ട്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യണം. ഇതോടെ കക്ഷികൾക്കും അഭിഭാഷകർക്കും ഇത് ലഭ്യമാകും. ‘അദാലത്ത്.എഐ’ സംവിധാനം നടപ്പാക്കുന്നതിലെ പുരോഗതി റിപ്പോർട്ട് മാസംതോറും സമർപ്പിക്കാനും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

