‘എ.ഐ തൊഴിലില്ലായ്മക്ക് കാരണമാകും, ചൂഷണത്തിന് ഇടയാക്കും’; നിലപാട് തിരുത്തി എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ (ഫയൽ ചിത്രം)
തൊടുപുഴ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സോഷ്യലിസത്തിലേക്കുള്ള വഴിയെന്ന മുൻ നിലപാട് തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടി എം.വി. ഗോവിന്ദൻ. എ.ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടുമെന്നും ഇത് ചൂഷണത്തിന് വഴിവെക്കുമെന്നും എം.വി. ഗോവിന്ദൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ പറഞ്ഞു. എ.ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്നവയെല്ലാം സ്വകാര്യ സമ്പത്തിന്റെ ഭാഗമാണെന്നും തൊഴിലില്ലായ്മ ഉൾപ്പെടെ വലിയ പ്രശ്നങ്ങൾക്ക് അത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
“എ.ഐ സംവിധാനം ഇപ്പോൾ ലോകത്ത് വ്യാപകമായി ഉപയോഗിച്ചുവരുന്നു. എ.ഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്നവയെല്ലാം സ്വകാര്യ സമ്പത്തിന്റെ ഭാഗമാണ്. ചൈന പോലെയുള്ള രാജ്യങ്ങളിൽ ഒരുപരിധി വരെ അത് രാജ്യത്തിന്റെ സമ്പത്തായി മാറും. എന്നാൽ മുതലാളിത്ത സമൂഹത്തിൽ ആ സമ്പത്ത് മുഴുവൻ കുന്നുകൂടി കുത്തകകളുടെ കൈയിൽ എത്തിച്ചേരും. തൊഴിലില്ലായ്മ ഉൾപ്പെടെ വലിയ പ്രശ്നങ്ങൾക്ക് അത് കാരണമാകും. മനുഷ്യകുലത്തെ ഒന്നായി മുന്നോട്ടുനയിക്കുന്നതിനെ തടസപ്പെടുത്തുന്ന ഒന്നാണിത്” -എം.വി ഗോവിന്ദൻ പറഞ്ഞു.
നേരത്തെ എ.ഐ വളർന്നാൽ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് എം.വി. ഗോവിന്ദൻ തളിപ്പറമ്പിൽ പറഞ്ഞിരുന്നു. “എ.ഐ മൂത്തുമൂത്ത് വന്നാൽ മാർക്സിസത്തിന് എന്താ പ്രസക്തിയെന്ന് ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ അവിടെയും മാർക്സിസത്തിനാണ് പ്രസക്തി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ചൂണ്ടിക്കാണിക്കാണിക്കുന്ന മുതലാളിത്തത്തിന്റെ പ്രധാന പ്രശ്നം, സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നതും ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നതുമാണ്. വിവിധ തലങ്ങളിൽ പ്രയോഗിച്ച് മുന്നോട്ടുവന്നാൽ 60 ശതമാനം ആളുകളുടെ ജോലി എ.ഐ ചെയ്യും.
അടുത്തിടെ എന്റെ സുഹൃത്ത് കുടുംബത്തോടൊപ്പം ബീച്ചിലെ പാറയിലിരിക്കുന്ന ചിത്രം, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ പശ്ചാത്തലത്തിലേക്ക് എ.ഐയുടെ സഹായത്തോടെ മാറ്റുന്നതു കണ്ടു. എന്താകും ഫലം. ഡിസൈനർമാരുടെ പണി പോയില്ലേ? ചിത്രം വരക്കാനും സിനിമ നിർമിക്കാനുമെല്ലാം എ.ഐക്ക് കഴിയും. അതും സുഹൃത്തുക്കൾ കാണിച്ചുതന്നിട്ടുണ്ട്. 60 ശതമാനം അധ്വാനശേഷി എ.ഐക്ക് ഏറ്റെടുക്കാനാകും.
മാർക്സ് സമ്പത്ത് കുമിഞ്ഞു കൂടുന്നതു മൂലമുണ്ടാകുന്ന അന്തരമാണ് പറഞ്ഞത്. എന്നാൽ എ.ഐ സമ്പത്തിന്‍റെ വിഭജനത്തിന് കാരണമാകുന്നു. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അപ്പോൾ എ.ഐ മൂത്താൽ അത് സോഷ്യലിസത്തിലേക്കുള്ള വളർച്ചയാണ്. ഒരു സംശയവും വേണ്ട” -എന്നിങ്ങനെയായിരുന്നു പരാമർശം.
ഇതിൽ സമൂഹമാധ്യമത്തിൽ വ്യാപകമായും ട്രോളും പ്രചരിച്ചു. നുഷ്യന്റെ അധ്വാനത്തിന്റെ 60 ശതമാനവും എ.ഐ കീഴടക്കുകയും അതുവഴി തൊഴിൽകുറയുമെന്നും പറയുന്നയാൾതന്നെ, അത്തരമൊരു സാഹചര്യം സമത്വമുണ്ടാക്കുമെന്ന് നിരീക്ഷിക്കുന്നത് എങ്ങനെയെന്നാണ് പ്രധാന വിമർശനം. പണ്ട് ട്രാക്ടറും കമ്പ്യൂട്ടറും എതിർത്തതിൽനിന്ന് വ്യത്യസ്തമായി എ.ഐയെ പോസിറ്റിവ് ആയി കണ്ടതിൽ ചിലർ ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് തിരുത്തി പാർട്ടി സെക്രട്ടറി രംഗത്തുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.