പ്രചാരണങ്ങളിൽ എ.ഐക്ക് മൂക്കുകയർ; കർശന നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജവാർത്തകളും ദൃശ്യങ്ങളും തടയാൻ രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമീഷൻ. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ‘ഹൈപ്പർ-റിയലിസ്റ്റിക്’ ദൃശ്യങ്ങളും സന്ദേശങ്ങളും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പിന്റെ സുതാര്യത തകർക്കാനും സാധ്യതയുണ്ടെന്നാണ് കമീഷൻ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ, എ.ഐ ഉപയോഗിച്ച് നിർമിച്ചതോ ഡിജിറ്റലായി മാറ്റംവരുത്തിയതോ ആയ എല്ലാ ചിത്രങ്ങളിലും വിഡിയോകളിലും ഓഡിയോകളിലും അത് വ്യക്തമാക്കുന്ന ലേബലിങ് നിർബന്ധമാക്കി. വിഡിയോകളിൽ സ്ക്രീനിന്റെ ഭാഗമായിതന്നെ ഈ ലേബൽ പ്രദർശിപ്പിക്കണം. ഓഡിയോകളിൽ സന്ദേശത്തിന്റെ തുടക്കത്തിൽ 10 ശതമാനം സമയമെങ്കിലും ലേബൽ അറിയിപ്പ് വേണം. ചിത്രങ്ങളിൽ ദൃശ്യമായ വിസ്തൃതിയുടെ 10 ശതമാനം ഭാഗത്ത് ലേബലിങ് നിർബന്ധമാണ്.
ഇത്തരം ഉള്ളടക്കങ്ങൾ നിർമിച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര് അടിക്കുറിപ്പായി നൽകണം. പ്രചാരണ സാമഗ്രികൾ നിർമിച്ച സ്ഥാപനങ്ങളുടെ വിവരങ്ങളും രേഖകളും രാഷ്ട്രീയ പാർട്ടികൾ സൂക്ഷിക്കണം. പരിശോധനവേളയിൽ ഇവ കമീഷന് മുന്നിൽ ഹാജരാക്കണം. രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക ഹാൻഡിലുകളിൽ വ്യാജമായോ കൃത്രിമമായോ നിർമിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൂന്നുമണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ ശബ്ദമോ രൂപമോ അനുകരിക്കാനോ ദുരുപയോഗം ചെയ്യാനോ പാടില്ല. പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
അതുപോലെ സ്ത്രീകൾക്കെതിരായ മോശമായ പരാമർശങ്ങൾ, മൃഗങ്ങളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ, അക്രമം പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾ എന്നിവ പ്രചാരണങ്ങളിൽ പാടില്ല. എല്ലാ പൊതുതെരഞ്ഞെടുപ്പുകൾക്കും ഉപതെരഞ്ഞെടുപ്പുകൾക്കും ഈ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നും കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

