ഇനി ആരും വന്ന് 'ചെക്ക്' ചെയ്യേണ്ട; എ.ഐ കാമറ ചിത്രങ്ങൾക്ക് സ്വകാര്യതാ പൂട്ട്
text_fieldsതിരുവനന്തപുരം: എ.ഐ കാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾക്ക് പിഴ നോട്ടീസുകൾ കുടുംബ കലഹങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് ചിത്രങ്ങൾ സ്വകാര്യമാക്കി ഇ-ചെല്ലാൻ പോർട്ടൽ പരിഷ്‌കരിച്ചു. വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങൾ പരിശോധിക്കാൻ ഇനി കഴിയുകയുള്ളൂ. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇതിന് വേണ്ടിവരും. പിഴ ചുമത്തുന്നത് സംബന്ധിച്ച അറിയിപ്പ് വരുന്ന എസ്.എം.എസിലുള്ള ചെല്ലാൻ നമ്പർ ഉപയോഗിച്ചും പിഴ വിശദാംശങ്ങൾ പരിശോധിക്കാനും സാധിക്കും.
എ.ഐ കാമറ പകർത്തുന്ന ചിത്രങ്ങളിലെ സ്വകാര്യത നിലനിർത്തുന്നതിനാണ് ഇത്തരമൊരു തീരുമാനം. മുമ്പ് രജിസ്ട്രേഷൻ നമ്പർ കൈവശമുണ്ടെങ്കിൽ ഏത് വാഹനത്തിന്റെയും പിഴ വിവരങ്ങൾ പരിശോധിക്കാനും നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും സാധികുമായിരുന്നു. എന്നാൽ, ചിലർ ഇത്തരം ചിത്രങ്ങൾ ദുരുപയോഗം ചെയ്ത പശ്ചാത്തലത്തിലാണ് പിഴ നോട്ടിസിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പിഴ വിവരങ്ങൾ തിരയുകയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതും പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.
കൺട്രോൾ റൂമുകളിൽനിന്ന് അയയ്ക്കുന്ന ചിത്രങ്ങൾ ചില കുടുംബങ്ങളിൽ അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നു. തിയേറ്ററിൽ നിറഞ്ഞോടുന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നായകനും നായികയും സീറ്റ് ബെൽറ്റ് ഇടാതെ നടത്തിയ രഹസ്യയാത്രയ്ക്ക് പിഴചുമത്തിയ ചിത്രമുള്ള നോട്ടീസ് കുടുംബാംഗങ്ങൾക്ക് ലഭിക്കുന്നതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഇതിവൃത്തമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ പല കുടുംബങ്ങളിൽ ഉണ്ടായ പശ്ചാത്തലത്തിലാണ് സ്വകാര്യത സംരക്ഷിക്കാൻ തീരുമാനിച്ചത്. വാഹനങ്ങൾ സ്വകാര്യ ഇടമായി കണക്കാക്കാമെങ്കിലും പൊതുസ്ഥലത്തെ നിയമലംഘനങ്ങൾ പകർത്താൻ കേന്ദ്രാനുമതിയുണ്ട്. എന്നാൽ, സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുണ്ട്.
അതേസമയം, പിഴ ചുമത്തുന്നതിലെ പോരായ്മകൾ കണ്ടെത്തണമെങ്കിൽ ചിത്രങ്ങൾ പരിശോധിക്കണമെന്നുള്ളതിനാൽ പൂർണമായും രഹസ്യമാക്കാൻ കഴിയില്ല. കുറ്റം ചെയ്തുവെന്ന് വാഹന ഉടമയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ചില വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിനാൽ വീട്ടിൽ കിടക്കുന്ന വാഹനങ്ങൾക്കും പിഴ നോട്ടീസ് വരുന്നുണ്ട്. പിഴ ചുമത്തിയത് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ https://echallan.parivahan.nic.in/grievance-ൽ പരാതി നൽകാമെന്നും ഗതാഗത വകുപ്പ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

