സ്കൂട്ടർ വിറ്റാൽ 15,000, പിഴയോ 22,000; എ.ഐ ക്യാമറയിൽ 49 തവണ കുടുങ്ങി യുവാവ്
text_fieldsഎ.ഐ ക്യാമറ
എറണാകുളം: 49 തവണ എ.ഐ ക്യാമറയിൽ കുടുങ്ങി യുവാവ്. അങ്കമാലി സ്വദേശിയാണ് ഇത്രയും തവണ മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയത്. ഹെൽമറ്റ് വെയ്ക്കാത്തതിനാണ് 44 തവണയും കുടുങ്ങിയത്. ഓരോതവണയും 500 രൂപ വീതം പിഴയാണ്. അതിന് മാത്രമായി 22,000 രൂപ വരും. ശേഷിക്കുന്ന നിയമലംഘനങ്ങൾക്ക്, മൂന്ന് പേർ ഒരുമിച്ച് ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്തെന്ന കുറ്റമാണ്.
ഇതിന് ഓരോ യാത്രക്കാരന്റെയും തലയെണ്ണി 500 രൂപ വീതം ഓരോ തവണയും കണക്കാക്കി അടയ്ക്കണം. മൂന്ന് പേരെ കയറ്റിയതിന് 1,000 രൂപ വീതം വേറെയും അടയ്ക്കണം. സ്കൂട്ടർ ഭാര്യയുടെ പേരിലുള്ളതാണ്. ഭാര്യ വിദേശത്തായതിനാൽ ഫോണിലെ സന്ദേശം ശ്രദ്ധിക്കാതിരുന്നതിനാലാണ് പിഴ വർധിക്കാൻ കാരണം. ഇത് അറിയാതെ പോയി എന്നാണ് യുവാവ് പറയുന്നത്.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പൊതുപ്രവർത്തകൻ കൂടിയായ യുവാവിനെ എ.ഐ ക്യാമറ പിടിച്ചത്. ഇന്നലെ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് ഓഫിസിലെത്തിയ യുവാവ് പിഴ വെട്ടിക്കുറയ്ക്കണമെന്ന അപേക്ഷ സമർപ്പിച്ചു. ഇതു സ്വീകരിക്കാനാകില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതി വരുന്നതുവരെ കാത്തുനിൽക്കാനുമായിരുന്നു ഉപദേശം.
15 വർഷം പഴക്കമുള്ള സ്കൂട്ടറാണെന്നും വിറ്റാൽ 15,000 രൂപയിൽ കൂടുതൽ കിട്ടില്ലെന്നുമാണ് പരാതിക്കാരൻ പറയുന്നത്. പൊതു പ്രവർത്തനമുള്ളതിനാൽ ജനങ്ങളെ സഹായിക്കാനാണ് അവരെയും കയറ്റിയുള്ള സ്കൂട്ടർ യാത്രയെന്നാണ് യുവാവിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

